Friday, April 16, 2010

ഇടുക്കി ജില്ല-അണക്കര & ചെല്ലാര്‍കോവില്‍

14 comments
വീണ്ടും ഇടുക്കിയുടെ കാഴ്ചകളിലേക്ക്. യാത്ര,അത് എത്ര തവണ ആയാലും ശരി, നമ്മള്‍ക്ക് പുതുമകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ഭൂ വിഭാഗമാണ്‌ ഇടുക്കി .പുറം ലോകം ഇനിയും അറിയാത്ത ,കാഴ്ചകളുടെ ഒരു നിധി തന്നെ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.അത്തരം ചില കാഴ്ചകളിലേക്ക്.
അണക്കര ടൌണ്‍
കുമളി-മൂന്നാര്‍ സ്റ്റേറ്റ് ഹൈവേ 19  ല്‍, കുമളിയില്‍ നിന്നും 12 കിമി ദൂരെയായി,സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് അണക്കര.അവിടെ നിന്നും 4 കിമി കിഴക്കുള്ള ചെല്ലാര്‍ കോവില്‍ എന്ന ചെറു ഗ്രാമത്തിലെക്കായിരുന്നു ഇത്തവണത്തെ യാത്ര.കുമളിയില്‍ നിന്നും നല്ല റോഡ്‌ ആയതു കൊണ്ട് 20  മിനിറ്റ് കൊണ്ട് അണക്കരയിലും,അടുത്ത 10  മിനിറ്റില്‍ ചെല്ലാര്‍ കോവിലിലുമെത്താനായി.UNDP പദ്ധതി പ്രകാരമുള്ള, സ്പൈസ് ടൂറിസ്റ്റ് സര്‍ക്യൂടുസ്റ്റേഷന്‍ആയി മാറിയ ഈ ഗ്രാമം അന്താരാഷ്‌ട്ര ടൂറിസം ഭൂപടത്തില്‍സ്ഥാനംപിടിച്ചു കഴിഞ്ഞു.ഏലവുംകുരുമുളകും സമൃദ്ധമായി വിളയുന്ന,മലയോരകര്‍ഷകരുടെ,ഈഗ്രാമംഇനിമുതല്‍ടൂറിസ്റ്റുകള്‍ക്കുംസ്വന്തം.

കുമളി-മൂന്നാര്‍ റോഡ്

ചെല്ലാര്‍ കോവില്‍ വാച്ച് ടവര്‍

ഇളം തണുപ്പുള്ള കാലാവസ്ഥയിലാണ്,ചെല്ലാര്‍കോവിലില്‍ ഞാന്‍ എത്തുന്നത്.നല്ല  സുഖപ്രദമായ,.മലിനീകരണം തൊട്ടു തീണ്ടാത്ത അന്തരീക്ഷം.ഏലം  മണക്കുന്ന  വഴികളിലൂടെയുള്ള,എന്റെ  യാത്ര ഏറെ ഹൃദ്യമായിരുന്നു.വനം വകുപ്പിന്റെ ഒരു വാച് ടവറും,ലഘു ഭക്ഷണ ശാലയും ഇവിടെ സ്ഥിതി ചെയ്യുന്നു.ഒരു ചായയും കഴിച്ചു,ഞാന്‍ മെല്ലെ വാച് ടവറിലേക്ക് കയറി. ചെല്ലാര്‍ കോവില്‍ വ്യൂ പോയന്റില്‍ നിന്നും, കിഴക്കന്‍ താഴ്വരയിലെ തമിഴ്നാടിന്റെ സമതലങ്ങളിലെക്കുള്ള  കാഴ്ച,അവാച്യമായ അനുഭൂതി പകരുന്ന ഒന്നാണ്. ഇവിടെ നിന്നാല്‍ കമ്പവും,തേനിയും,ഗൂടല്ലൂരുമെല്ലാം വ്യക്തമായി കാണാം.മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കൊണ്ടുപോകുന്ന പെന്‍ സ്ടോക്ക് പൈപ്പുകളും,കനാലും,സംഗീത സംവിധായകന്‍ ഇളയ രാജയുടെ ബംഗ്ലാവുമെല്ലാം ഈ ഉയരത്തില്‍നിന്നുള്ള കാഴ്ചകളാണ്. മഴക്കാലത്ത്,വന്യമായി പതിക്കുന്ന
 പാണ്ടിക്കുഴി വെള്ള ചാട്ടം വറ്റി വരണ്ടിരിക്കുന്നു.  അങ്ങകലെ മംഗളാദേവി മലയിലെ ടവറും കാണാം. ഞാന്‍ എത്തിയ സമയം,താഴ്വരയില്‍ മൂടല്‍ മഞ്ഞു പരന്നിരുന്നത്‌ കൊണ്ട്,കാഴ്ചകള്‍ അത്ര വ്യക്തമായിരുന്നില്ല.

ചെല്ലാര്‍ കോവില്‍ റോഡ്



തമിഴ്നാട് സമതലങ്ങള്‍

.സഞ്ചാരികള്‍ക്ക് താമസത്തിനായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഹോം സ്റ്റേ കള്‍ ഈ പ്രദേശത്ത് ലഭ്യമാണ്.അണക്കരയില്‍,വിമാനത്താവളം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍,നിരവധി പുതിയഹോട്ടലുകളും,നിര്‍മ്മാണമാരംഭിച്ചിട്ടുണ്ട്.ഇടുക്കി ജില്ലയുടെയും,തമിഴ്നാടിന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളുടെയും, സമഗ്ര ടൂറിസം വികസനത്തിനുതകുന്ന വിമാനത്താവളം സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.പ്രശസ്തമായ മോണ്ട് ഫോര്‍ട്ട്‌ സ്കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

മോണ്ട് ഫോര്‍ട്ട് സ്കൂള്‍,അണക്കര
നിര്‍ദ്ദിഷ്ട വിമാനത്താവള സൈറ്റ്
അണക്കരക്ക് സമീപത്തായി,മൂന്നാര്‍ റോഡില്‍ തന്നെയുള്ള മറ്റൊരു ചെറു പട്ടണമായ  പുറ്റടിയിലെക്കാണു പിന്നീട് ഞാന്‍ എത്തിയത്.ഇവിടെ സ്പൈസസ് ബോര്‍ഡിന്‍റെ കാര്‍ഡമം കോമ്പ്ലെക്സ് ദ്രുതഗതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.

കാര്‍ഡമം കോമ്പ്ലെക്സ്
സുഗന്ധ വിളകളുടെ സംസ്കരണവും,ദീര്‍ഘകാല സംരക്ഷണവും എല്ലാം ഇനി ഇവിടെ സാധ്യമാകും.ഈ പ്രദേശത്തിന്റെ കുതിച്ചു ചാട്ടത്തിനു ,കാര്‍ഡമം കോമ്പ്ലെക്സ് കാരണമാകുന്നു.അവിടെയെല്ലാം ഒരു ഓട്ട പ്രദിക്ഷണം നടത്തി,ഞാന്‍ മടക്ക യാത്രക്കൊരുങ്ങി.തിരികെ വണ്ടന്മേട്‌,പുളിയന്മല,ഇടുക്കി,തൊടുപുഴ വഴിയാണ് മടക്കം.വഴി നീളെ,തഴച്ചു വളര്‍ന്നു നില്‍ക്കുന്ന ഏലത്തോട്ടങ്ങള്‍. കാഴ്ചകള്‍ തേടിയെത്തുന്ന നിരവധി വിദേശ സഞ്ചാരികളും,അവരെ തോട്ടം കാണിക്കുവാന്‍ കൊണ്ട് പോകുന്ന കര്‍ഷകരും.


ഏലതോട്ടങ്ങളും,വിദേശ സഞ്ചാരികളും 



ഏലച്ചെടിയും,കായ്കളും
ഫാം ടൂറിസം ,ഇടുക്കിയില്‍ പ്രചാരം നേടി വരികയാണ്.ഏലത്തിനു ഉയര്‍ന്ന വില ലഭിക്കുന്നത് മൂലം കര്‍ഷകരും സന്തോഷത്തിലാണ്.അവരുമായി ആ സന്തോഷം പങ്കു വെച്ച് ഞാന്‍ മടങ്ങി.
വാല്‍ക്കഷണം:ഈ സ്റ്റേറ്റ് ഹൈവെയില്‍  മരണം പതിയിരിക്കുന്ന കെണികളും.ഒരു അപായ സൂചനാ ബോര്‍ഡ്‌ പോലുമില്ലാതെ,നടു റോഡില്‍,നല്ല ഇറക്കത്തില്‍, കോണ്ക്രീറ്റ് പാരപ്പറ്റുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു!!

 നടുറോഡിലെ മരണക്കെണി

                                                       ഇരുചക്ര വാഹനക്കാര്‍ ജാഗ്രതൈ.അധികൃതര്‍ ഇതൊന്നു നീക്കം ചെയ്തിരുന്നെങ്കില്‍!

Sunday, April 11, 2010

ലങ്കാവിയിലൂടെ ഒരു യാത്ര

11 comments
                                                                 ഭാഗം 1
മലേഷ്യയുടെ ഭാഗമായ ലങ്കാവി ദ്വീപുകളിലേക്കുള്ള സഞ്ചാരത്തിന് പദ്ധതി നേരത്തെ തന്നെ  തയ്യാറാക്കിയിരുന്നെങ്കിലും,അടുത്തയിടെ മാത്രമാണു അങ്ങോടുള്ള യാത്ര തരപ്പെട്ടത്. 
കുലാലംപൂരില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ വിമാന യാത്രക്ക് ശേഷമാണ് ,ഞാനടങ്ങിയ സുഹൃദ്സംഘം ലങ്കാവിയിലെത്തിയതു.ചിലവു കുറഞ്ഞ വിമാന കമ്പനിയായ എയര്‍ ഏഷ്യയിലായിരുന്നു, യാത്ര.ലങ്കാവി എത്താറാകുമ്പോഴേക്കും,താഴെ ഹരിതഭംഗിയാര്‍ന്ന മലനിരകളും,അതിനോട് ചേര്‍ന്നു കിടക്കുന്ന മനോഹരമായ ബീച്ചുകളും കണ്ടു തുടങ്ങി.കടലിനു നടുവിലൂടെയുള്ള നീളമേറിയ ഒരു പാലവും വിമാനത്തില്‍ നിന്നു കാണാം.

ലങ്കാവി വിമാനത്താവളം
  ഒരു ചെറിയ, അന്താരാഷ്ട്ര വിമാനത്താവളമാണു, ലങ്കാവി.ഉച്ചക്കു,1.30 മണിയോടെയാണ് ഞങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നതു.വിമാനത്താവളത്തില്‍ കാര്യമായ നിയന്ത്രണങ്ങള്‍  ഒന്നുമില്ല.ടാര്‍  മാര്‍ക്കില്‍‍ നിന്നു ഫോട്ടോ എടുക്കുക വരെയാകാം.മനോഹരമായ പ്രകൃതിയുടെ  പശ്ചാത്തലം കൂടിയായപ്പോള്‍,  ഫോട്ടോഗ്രാഫി മത്സരം തന്നെ അവിടെ അരങ്ങേറി.

ലങ്കാവി വിമാനത്താവളം

 വിശാലമായ അറൈവല്‍ ഹോളില്‍ , ടൂര്‍ ഓപറേറ്റര്‍മാരുടെ പരസ്യങ്ങള്‍ കാണാം.ചെറിയ ഗ്രൂപ്പുകള്‍ക്കെല്ലാം സൌകര്യം റെന്റ് എ കാറുകള്‍ ആണു.അതിന്റെ ദിവസവാടകഎഴുതിയ ബോര്‍ഡുകളും ഉണ്ട്.അകത്തു നിരനിരയായി,സൂവനീര്‍ ഷോപ്പുകള്‍.എല്ലാ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണെന്നു മാത്രം.വലിയ തിരക്കൊന്നുമില്ലാത്തതിനാല്‍ ബാഗ്ഗേജുകളൊക്കെ വേഗം ലഭിച്ചു.വന്നിറങ്ങിയവരില്‍,യൂറോപ്യന്‍ സഞ്ചാരികള്‍ ആണു ഏറെയും.

വിമാനത്താവളം അറൈവല്‍ ഹോള്‍


ലങ്കാവി ഭൂപടം



വിമാനത്താവളത്തിലെ കാഴ്ചകള്‍
 ലങ്കാവിയിലെ ടൂര്‍ കോര്‍ഡിനേറ്റര്‍  അഹമ്മെദ് ഞങ്ങളേയും പ്രതീക്ഷിച്ചു നില്‍ക്കുന്നു.
അള്‍‍ജീരിയക്കാരനായ ഗൈഡ് അഹമ്മെദിന്റെ കൂടെ പുറത്തിറങ്ങി.അള്‍ജീരിയയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ അയാള്‍ക്കു അത്‍ഭുതം!കേരളീയരുടെ രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ച് ,ഹര്‍ത്താല്‍ -ബന്ദ് വികസന സംസ്കാരത്തെക്കുറിച്ച് പാവം അഹമ്മെദിനെന്തറിയാം!വിവാദങ്ങളുടെ സൃഷ്ട്ടാക്കള്‍ ആയ  രാഷ്ട്രീയ-ചാനല്‍ കൂട്ടുകെട്ടിനെക്കുറിച്ചെന്തറിയാം?
നല്ല വൃത്തിയും,വെടിപ്പുമുള്ള  റോഡുകള്‍.പോകുന്ന വഴിയിലെല്ലാം,കേരളീയ കാഴ്ചകള്‍ തന്നെ.തെങ്ങും,കശുമാവും,നെല്‍ വയലും,നമ്മുടെ നാട്ടിലെ വട്ട എന്ന പാഴ് മരവുമെല്ലാം എവിടെയും കാണാം.തേക്കും നന്നായി വളര്‍ന്നു നില്‍ക്കുന്നു.


ചെറിയ ഗ്രാമങ്ങളിലൂടെയാണു റോഡുകള്‍ പോകുന്നതു.കടലോര മുക്കുവ ഗ്രാമങ്ങളാണധികവും.മരം കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള വീടുകളുടെ മുറ്റത്തു മാവും,തെങ്ങുമെല്ലാം വളര്‍ന്നു നില്‍ക്കുന്നത് കാണാം.ലങ്കാവിയിലെ ജനസംഖ്യയില്‍ കൂടുതലും,മലയാക്കാരും,ചൈനാക്കാരുമാണു.വളരെ സൌഹാര്‍‍ദ്ദപൂര്‍വ്വം പെരുമാറുന്ന ഒരു ജനവിഭാഗമാണു ഇവിടെയുള്ളത്.ചോറും,മത്സ്യവും എല്ലാമാണു ഇവരുടെ മുഖ്യ ഭക്ഷണം.പൊതു മേഖലയില്‍,ട്രാന്‍‍സ്പോര്‍ട്ട് സിസ്റ്റം വളരെക്കുറവാണെന്നാണു എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.ടാക്സികളെയും,ബൈക്കുകളെയുമാണു സാധാരണക്കാര്‍ കൂടുതലായും ആശ്രയിക്കുന്നത്.

ലങ്കാവി വഴിയോര കാഴ്ചകള്‍

കൌതുകകരമായ മറ്റൊരു കാര്യം പൊകുന്ന വഴി നിറയെ റിസോര്‍ട്ടുകള്‍ ആണെന്നുള്ളതാണു.വീടുകളേക്കാള്‍ കൂടുതല്‍ റിസോര്‍ട്ടുകളാണിവിടെ എന്നു തോന്നുന്നു.എന്നാല്‍ ഹൈ റൈസ് ബില്‍ഡിംഗുകള്‍ വളരെ കുറവാണു.ഒറ്റ നിലയില്‍, മനോഹരമായി പണിത് ,കടലിനോടു ചേര്‍ന്നുകിടക്കുന്നവയാണധികവും.ഏതു ബഡ് ജറ്റിനുമിണങ്ങുന്ന,അനവധി റിസോര്‍ട്ടുകള്‍ ലങ്കാവിയിലുണ്ട്.
മറ്റേതൊരു നാടിനേയുമ്പോലെ,ലങ്കാവിയുടെ ചരിത്രവും,ഐതിഹ്യങ്ങളുമായി കെട്ട്പിണഞ്ഞ് കിടക്കുന്നു.ഇവിടെ വന്നിറങ്ങുന്ന ഏതൊരു സഞ്ചാരിയും ആദ്യം കേള്‍ക്കുന്നത്,മസൂരി എന്നൊരു വനിതയുടെ കഥയാണു.എ ഡി 1819ഇല്‍ ജീവിച്ചിരുന്ന ഒരു വീട്ടമ്മയായ മസൂരി എന്ന നിരപരാധിയായ സ്ത്രീയെ,അവിഹിത ബന്ധം ആരോപിചു വധിച്ചുവെന്നും,അതിനെ തുടര്‍ന്നു അടുത്ത ഏഴു തലമുറയ്ക്കു, ലങ്കാവിയില്‍ ,ശാന്തിയും സമാധാനവും ശ്രേയസ്സും ഉണ്ടാകില്ല എന്ന് അവര്‍ ശപിച്ചു എന്നും ആണു ഐതിഹ്യം.വാസ്തവം എന്തായാലും ഇരുപതാം നൂറ്റാണ്ടിനു ശേഷമാണു ഇവിടെ ശാന്തിയും,സമാധാനവും കൈവന്നതെന്നു നാട്ടുകാര്‍ പറയുന്നു.




ലങ്കാവി റിസോര്‍ട്ടുകള്‍
പന്റൈ സെനാങ് ടൌണ്‍ കഴിഞ്ഞുള്ള അവാന ഹോട്ടലിലാണു ഞങ്ങളുടെ താമസം അറേഞ്ജ് ചെയ്തിട്ടുള്ളത്.ഒരു മല കയറി ഇറങ്ങിയപ്പോഴേക്കും ഹോട്ടലെത്തി.വിശപ്പ് ക്രമാതീതമായതിനാല്‍ ,എല്ലാവരുടേയും ഭാവം ക്ഷീണത്തില്‍ നിന്നും ക്രോധത്തിലേക്ക് മാറിക്കഴിഞ്ഞു.എന്നാല്‍ വിശാലമായ ഹോട്ടലും ,പരിസരവും,പിന്‍ വശത്തുള്ള മനോഹരമായ കടലും മലയും എല്ലാം കണ്ടപ്പോള്‍ എല്ലാവരും ഉന്മേഷഭരിതരായി.സ്വാദിഷ്ട്ട മലേഷ്യന്‍ ഭക്ഷണമായ ഒരു നാസി ലെമാകും (തേങ്ങാപ്പാല്‍ചോറും,ചെറിയ മത്സ്യവും,കൊഞ്ചും ചേര്‍ന്നുള്ള ഒരു ആഹാരം),അതിന്റെ കൂടെ വാന്‍-ടാന്‍ സൂപ്പും  ആയപ്പോള്‍, സംഘം വീണ്ടും ലൈവ് ആയി.



ലങ്കാവി അവാന ഹോട്ടല്‍
ഭക്ഷണ ശേഷം,ക്രൂയിസ് ബോട്ടില്‍ കടല്‍ സവാരിക്കിറങ്ങി.തിരകള്‍ വളരെ കുറവായ,ശാന്തമായ ഉള്‍ക്കടലാണിവിടെ.കാറ്റും കൊണ്ടുള്ള യാത്ര വളരെ ആസ്വാദകരം തന്നെ.

ഹോട്ടലിന്റെ ബോട്ടിംഗ് യാര്‍ഡ്



ഹോട്ടലിന്റെ പിന്‍പുറ കാഴ്ചകള്‍
പിങ്ക് ഡോള്‍ഫിനുകളെ കാണാനാകും എന്നു ബോട്ടുകാര്‍ പറഞ്ഞെങ്കിലും,ഞങ്ങളുടെ ഭാഗ്യ ദോഷം കൊണ്ടോ എന്തോ, ഒന്നിനേയും കാണുവാന്‍ സാധിച്ചില്ല.തിരികെ ഹോട്ടലിലെത്തി,ടൌണിലേക്കു വീണ്ടും പുറപ്പെട്ടു.നിര നിരയായി കടകള്‍ റോഡിനിരുവശത്തും.കുലാലമ്പൂരിനെ അപേക്ഷിച്ച് നല്ല വിലക്കുറവാണിവിടെ.കടകളിലെല്ലാം നല്ല തിരക്കുണ്ട്.പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ കടകളില്‍ നിന്നും കൈ നിറയെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു.

ലങ്കാവി ഡ്യൂട്ടി ഫ്രീ ഷോപ്
 കൂടാതെ, വളരെ കുറഞ്ഞ വിലയില്‍ ചോക്കളേറ്റുകളും,സ്കോച്ച് വിസ്കിയും മറ്റും ലഭിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പും ഇവിടെയുണ്ട്.ലോകത്തിലെ മുന്തിയ ബ്രാന്റുകളുടെ ചോക്കളേറ്റുകളും,മദ്യക്കുപ്പികളും എല്ലാം ഭംഗിയായി നിരത്തി വച്ചിരിക്കുന്നു.അതോടൊപ്പം,ഫോട്ടോഗ്രാഫി നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകളും ഭംഗിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആ വിലക്കുറവു,കുട്ടികളും,മുതിര്‍ന്നവരുമെല്ലാം മുതലെടുത്തു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇതിനോടു ചേര്‍ന്നാണു ലങ്കാവി അണ്ടര്‍വാട്ടര്‍ വേള്‍ഡ്.ഇതു, നാളെ സന്ദര്‍ശിക്കാനാണു പദ്ധതി.പിന്നീട് രാത്രികാല മാര്‍ക്കറ്റായ തെമോയോങ് പസര്‍ മാലം കാണുവാനായി പുറപ്പെട്ടു.ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വില്‍ക്കുന്ന ഇവിടെ,വസ്ത്രങ്ങള്‍,വിലകുറഞ്ഞ ഇലക്ട്രോണിക്സ് സാമഗ്രികള്‍,ഭകഷണസാധനങ്ങള്‍,പഴങ്ങള്‍ തുടങ്ങിയവ വിലപേശി വാങ്ങാം.കൂടുതലും സ്വദേശികളായ മലയാക്കാരെയാണു എനിക്കവിടെ കാണാന്‍ കഴിഞ്ഞതു. ചെറിയ ഷോപ്പിങ്ങിനു ശേഷം,റ്റാജ് എന്ന ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും നല്ലൊരു അത്താഴവും അകത്താക്കിയപ്പോഴേക്കും സമയം പാതിരാവായി. ഹോട്ടലില്‍ മടങ്ങിയെത്തി.
അടുത്ത ദിവസം രാവിലെ മുതല്‍ തന്നെ തിരക്കു പിടിച്ച പരിപാടികള്‍ ആണു ആസൂത്രണം ചെയ്തിരിക്കുന്നതു.അണ്ടര്‍ വാട്ടര്‍ വേള്‍ഡ്,ഓറിയന്റല്‍ വില്ലേജ്,കേബിള്‍ കാര്‍ യാത്ര,മാന്‍ ഗ്രോവ് ഫോറസ്റ്റ് .....ഇവയെല്ലാം ലിസ്റ്റിലുണ്ട്.ക്യാമറ ബാറ്ററി, ചാര്‍ജ് ചെയ്യാനിട്ട്, ഈ ദിവസത്തെ കാഴ്ചകളുടെ ചെറുകുറിപ്പുകളിലൂടെ ഞാന്‍ കണ്ണോടിച്ചു.


                                                                തുടരും