Friday, July 16, 2010

പെട്രോണാസ് ഇരട്ട ഗോപുരങ്ങള്‍

16 comments

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ടഗോപുരങ്ങളാണു മലേഷ്യയുടെ തലസ്ഥാനമായ കുലാലമ്പൂരില്‍ സ്ഥിതിചെയ്യുന്ന പെട്രോണാസ് ടവേര്‍സ്.1998ഇല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ ആകാശഗോപുരത്തിനു, 451 മീറ്ററാണു ഉയരം.കോണ്‍ക്രീറ്റ്,സ്റ്റീല്‍,ഗ്ലാസ് എന്നിവ മാത്രമുപയോഗിച്ചാണു ഇതിന്റെ നിര്‍മ്മിതി.
                                                        
                                       പെട്രോണാസ് ടവര്‍-ഒരു വിദൂര ദൃശ്യം
     
  കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍ നാല്പത്തിഒന്നാം നിലയിലുള്ള സ്കൈ ബ്രിഡ്ജില്‍ കയറാന്‍ പരിപാടി ഇട്ടെങ്കിലും റ്റിക്കറ്റ് ലഭിക്കാത്തതിനാല്‍ സംഗതി നടന്നില്ല.വിഖ്യാതനായ അര്‍ജന്റീനന്‍ ആര്‍ക്കിടെക്ക്റ്റ് സീസര്‍പെല്ലി രൂപകല്പന ചെയ്ത ഈ അത്ഭുത നിര്‍മ്മിതി കാണുവാനായി ഇപ്രാവശ്യം എങ്ങനെയെങ്കിലും കയറിപ്പറ്റണം എന്നുറപ്പിച്ചു. പ്രവേശനം സൌജന്യമാണെങ്കിലും, ഒരു ദിവസം 1700 റ്റിക്കറ്റ് മാത്രമേ ഇഷ്യൂ ചെയ്യുകയുള്ളൂവത്രെ, രാവിലെ 5.30 മണിക്കു വന്ന് കുത്തിപ്പിടിച്ച് ക്യൂ നിന്നെങ്കില്‍ മാത്രമെ ലഭിക്കാന്‍ സാധ്യതയുള്ളൂ,അതും ഭാഗ്യമുണ്ടെങ്കില്‍ മാത്രം.
                                                       രാത്രിയിലെ കാഴ്ച 
   
                                                               ആകാശപാലം              
                                                          
                                                            
                                                          കെ എല്‍ സി സി മോള്‍
   
മലയാളിയുടെ വക്രബുദ്ധി വര്‍ക്ക് ഔട്ട് ചെയ്ത്,ഏജന്റിനെ ചാക്കിട്ട് റ്റിക്കറ്റ് സംഘടിപ്പിച്ചു.10 റിങ്ഗിറ്റ് കൊടുത്താല്‍ ടിക്കറ്റ് തനിയേ വരും.  11 മണിക്കാണു സമയം കിട്ടിയത്.പത്ത് മണിയായപ്പോള്‍ അവിടെ എത്തി,11മണി വരെ താഴെ നിലകളിലുള്ള സൂര്യ കെ എല്‍ സി സി മോളില്‍ കറങ്ങി നടന്നു.മിക്കാവാറും കടകള്‍ എല്ലാം ഹൈ-എന്‍ഡ് ബ്രാന്‍ഡ് ഷോപ്പുകള്‍ ,പുറമെ നിന്ന് കാണുവാന്‍ അതിമനോഹരം.പക്ഷെ ദുബായ് മോളുകളുടെ അത്ര വലിപ്പമൊന്നുമില്ല.അവിടെയും ഇന്ത്യന്‍ സാന്നിധ്യം കാണാം.

                                                          

                                                                                
സന്ദര്‍ശകര്‍ക്കു 41ആം നിലവരെ പോകുവാനെ അനുവാദമുള്ളൂ.അവിടെയാണു സ്കൈ ബ്രിഡ്ജ്

                                                                  

                                                                    
                                                       ലിഫ്റ്റിലേക്കുള്ള പ്രവേശന കവാടം
11 മണിക്ക് തന്നെ ഗേറ്റില്‍ എത്തിയപ്പോള്‍ അവിടെ സാമാന്യം നല്ല ക്യൂ ആയിക്കഴിഞ്ഞു.കുറച്ച് പേരെ വീതമാണു കയറ്റി വിടുന്നത്.അകത്ത് കയറിയപ്പോള്‍ ആദ്യം ടവറിന്റെ നിര്‍മ്മാണം പ്രതിപാദിക്കുന്ന ഒരു ടെലി ഫിലിം കാണിക്കുന്നതിനായി നമ്മളെ അതിനകത്തുള്ള ചെറിയ തീയേറ്ററില്‍ കൊണ്ടുപോയിരുത്തി.പ്രദര്‍ശനത്തിനു ശേഷം ശേഷം വീണ്ടു ക്യൂ.അടിമുടി സുരക്ഷാ പരിശോധന.ക്യാമറ ഒഴികെയുള്ള സകല സാമഗ്രികളും നിരോധിച്ചിരിക്കുകയാണു.20 പേരെ വീതം ഹൈസ്പീഡ് ലിഫ്റ്റില്‍ കയറ്റി വിടുന്നു.ഞങ്ങളുടെ ബാഗുകളെല്ലാം ലോക്കറില്‍ ഏല്‍പ്പിച്ച് ലിഫ്റ്റില്‍ കയറി,ദാ പറഞ്ഞ മാത്രക്കുള്ളില്‍ 41ആം നില എത്തിക്കഴിഞ്ഞു.
                                                                  
                                                            ആകാശപാലം        
                                                              

                                                 പാലത്തില്‍നിന്നുമുള്ള കാഴ്ചകള്‍              
               
നീണ്ട ഇടനാഴിയില്‍ കാഴ്ചക്കാരുടെ തിരക്ക്.വിദേശികളടക്കമുള്ളവര്‍ ഫോട്ടോക്ക് വേണ്ടി തിരക്ക് കൂട്ടുന്നു.ഇവിടെ നിന്നുമുള്ള പുറലോകകാഴ്ചകള്‍ വിസ്മയാവഹമാണു.ഒരു പതിനഞ്ചു മിനിട്ട് അവിടെ ചിലവഴിക്കാം.മലയാളി സന്ദര്‍ശകര്‍ ധാരാളമായി എത്തുന്നുണ്ട്.കുറച്ച് ചിത്രങ്ങളൊക്കെ എടുത്ത് ഞങ്ങളും താഴെയെത്തി.
ഈ അവസരത്തില്‍ മലേഷ്യയിലെ റോഡുകളുടെ നിലവാരത്തെക്കുറിച്ച് പരാമര്‍ശിക്കാതെ വയ്യ എന്നു തോന്നുന്നു.കേരളത്തിന്റെ അതേ കാലാവസ്ഥയും,മഴയും ആണു ഇവിടെയെങ്കിലും, റോഡുകള്‍ ഉന്നതനിലവാരത്തില്‍നിര്‍മ്മിക്കപ്പെട്ടവയാണു.
                                                              
                                                      മലേഷ്യന്‍ റോഡുകള്‍                
                                                            
                                                         ടോള്‍ പ്ലാസ                        
കണ്ണേത്താദൂരത്തോളം നീണ്ട് കിടക്കുന്ന,80-100 മീറ്റര്‍ വീതിയുള്ള റോഡുകള്‍.ഇടക്കിടെ ടോള്‍ബൂത്തുകള്‍.കേരളത്തില്‍ റോഡ്നിര്‍മ്മാണത്തിനു സാങ്കേതികസഹായവുമായി എത്തിയ  മലേഷ്യന്‍ കമ്പനിക്കുണ്ടായ അനുഭവം ഞാന്‍ ആലോചിച്ച് പോയി.
                                                     ഒരു വെയിറ്റിങ് ഷെഡ്