Sunday, December 20, 2009

പാലക്കാട് ജില്ല:വരിക്കാശ്ശേരി മന

16 comments


ആദ്യമായി ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തതിന്റെ സന്തോഷത്തില്‍  ആണ് ഈ പുതിയ പോസ്റ്റ്‌.


വരിക്കാശ്ശേരി മനയുടെ ചരിത്രവും മറ്റും വിവരിക്കാനുള്ള ഉദ്ദേശം ഇല്ല എന്ന് സവിനയം അറിയിച്ചു കൊള്ളട്ടെ.അതിനുള്ള അറിവ് ഇല്ലാത്തത് കൊണ്ട് മാത്രം !

ഏറെ നാള്‍ മുമ്പ് ഒരു സെപ്റ്റംബര്‍ മാസത്തില്‍ മന സന്ദര്‍ശിച്ചപ്പോള്‍ എടുത്ത കുറെ ചിത്രങ്ങള്‍ ആണ് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത്.
ഒറ്റപ്പാലത്തെ സുഹൃത്തിന്റെ ഹോട്ടലില്‍ നിന്നും, ഭാരതപുഴയിലെത്തി മനം നിറഞ്ഞുള്ള ഒരു കുളിയും കഴിഞ്ഞു,തുളുമ്പുന്ന മനസ്സുമായി ആണ് ഗ്രാമീണ സൌന്ദര്യം വഴിഞ്ഞൊഴുകുന്ന മനിശ്ശേരിയിലെതിയത് .പഴയ ലക്ഷ്മി തീയെറ്റെര്‍   കഴിഞ്ഞു കണ്ണിയംബുരവും കയറ്റം കഴിഞ്ഞപ്പോള്‍ മനിശ്ശേരി. ഡ്രൈവര്‍ സുരേഷ്, പരിചിതമായ വഴിയിലുടെ വാഹനം തിരിച്ചു . ഗയിറ്റിനു സമീപമെത്തിയപ്പോള്‍ സൂക്ഷിപ്പുകാരന്‍ വാതില്‍ തുറന്നു തന്നു. കാഴ്ചകളുടെ ഒരു വിസ്മയ ലോകം അതാ കണ്മുന്‍പില്‍ തുറക്കപ്പെട്ടു.       

വരിക്കാശ്ശേരി മന പാലക്കാട് ജില്ലയില്‍ ഒറ്റ‍പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.ഒറ്റപാലത്ത് നിന്നും  ഷൊര്‍ണൂര്‍ക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേയോട് ചേര്‍ന്നുള്ള ഒരു ചെറു വള്ളുവനാടന്‍ ഗ്രാമം ആണ് മനിശ്ശേരി.അവിടെ നിന്നും തെക്കുഭാഗത്തേക്ക്‌ ഭാരതപ്പുഴയിലെക്കുള്ള ഗ്രാമീണ റോഡിനോട് ചേര്‍ന്നാണ് വിഖ്യാതമായ വരിക്കാശ്ശേരി മന.

മനയുടെ പ്രധാന നിര്‍മ്മിതി
വള്ളുവനാടന്‍ ഗ്രാമങ്ങള്‍ പശ്ചാത്തലം ആയി സിനിമകള്‍ വന്നു തുടങ്ങിയതോടെയാണ് വരിക്കാശ്ശേരി മന പ്രശസ്തിയിലെക്കുയരുന്നത്.സുപ്രസിദ്ധ സിനിമ ആയി മാറിയ ദേവാസുരത്തോടെ വരിക്കാശ്ശേരി മനയും ജന മനസ്സുകളില്‍ സ്ഥാനം പിടിച്ചു തുടങ്ങി.ഇന്ന് വള്ളുവനാട് പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും കേന്ദ്ര ബിന്ദുവായി വരിക്കാശ്ശേരി മന മാറിക്കഴിഞ്ഞു.
മുകളിലത്തെ ഫോട്ടോയിലുള്ള പ്രധാന കെട്ട് കൂടാതെ പടിപ്പുര മാളികയും ,പടിഞ്ഞാറ് ഭാഗത്തുള്ള മാളികയും (പ്രധാനമായും ജോലിക്കാര്‍ക്കും മറ്റുമുള്ളത്‌) ഈ വിസ്തൃതമായ വളപ്പില്‍ സ്ഥിതി ചെയ്യുന്നു


.              
പടിപ്പുര മാളിക 
    ഇപ്പോള്‍ മനയുടെ കാവല്‍ക്കാരും മറ്റും വസിക്കുന്നത് താഴെ ഒരു വശത്തായി കാണുന്ന പടിഞ്ഞാറു മാളികയില്‍ ആണ്.ഇത് കൂടാതെ ഒരു ക്ഷേത്രവും, വിശാലമായ ഒരു കുളവും ഇതിനുള്ളില്‍ ഉണ്ട്.നന്നായി പരിപാലിക്കപ്പെട്ടു പോരുന്ന ഒരു ക്ഷേത്രമാണിത്.നിത്യവും പൂജ നടക്കുന്ന ഇവിടെ പുറമേ നിന്നുള്ളവരും അയല്‍വാസികളും ധാരാളമായി ദര്‍ശനത്തിനു   വരുന്നുണ്ട്
.       .    .         

കുളത്തില്‍ നിറയെ മത്സ്യങ്ങള്‍ ആണ്.നമ്മള്‍ ഒരു പിടി അരി കൈവെള്ളയില്‍ പിടിച്ചു വെള്ളത്തില്‍ വച്ചാല്‍
 അസംഖ്യം മീനുകള്‍ കൈവെള്ളയില്‍ കയറിയിറങ്ങും.നന്നായി നീന്താവുന്ന വിസ്തൃതിയും ഈ കുളത്തിനുണ്ട്.വളരെ ആഴംമുള്ളതാണ് ഈ കുളം.നേരത്തെ ഒരു നല്ല കുളി കഴിഞ്ഞിരുന്നതുകൊണ്ടും കുളത്തിന്റെ  ആഴം അളക്കുവാന്‍ ഉദ്ദേശം ഇല്ലാതിരുന്നതുകൊണ്ടും സാഹസത്തിനു മുതിര്‍ന്നില്ല.
        .    
പ്രധാന കെട്ടില്‍ വിശാലമായ വരാന്തയും ചിത്ര നിര്‍മ്മിതികള്‍ ഉള്ള മരത്തിന്റെ തൂണുകളും ആണ്.വിശാലമായ നടുമുറ്റം, ഭക്ഷണപ്പുര ,അടുക്കള എന്നിവയും ഇതിനോടനുബന്ധിച്ചുണ്ട്.മുകളിലത്തെ രണ്ടു നിലകളിലും വിശാലമായ കിടപ്പറകള്‍  ആണ് ഉള്ളത്.വലിയ ഹാളുകള്‍  തുടങ്ങിയവയും ഇവിടെ ഉണ്ട്.സിനിമ ഷൂട്ടിംഗ് അവശേഷിപ്പിച്ച അല്ലറ ചില്ലറ പരിക്കുകളും ധാരാളമായി കാണാം.


നടുമുറ്റം
പടിപ്പുര മാളികയുടെ പ്രത്യേകത അതിന്റെ നിലവരയിലുള്ള ഭീമാകാരമായ പത്തായം ആണ്.അനേകായിരം പറ നെല്ല് സംഭരിച്ചു കൊണ്ടിരുന്ന ഗത കാല സ്മരണകളും പേറിയാണ് ഇത് ഇപ്പോള്‍ നില്‍ക്കുന്നത് എന്ന് നമ്മള്‍ക്ക് തോന്നും.ഈ കെട്ടിന്റെ രണ്ടു മുകള്‍ നിലകളിലും  വാസയോഗ്യമായ മുറികള്‍ ആണ് ഉള്ളത്.അവ നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.മനോഹരമായ വരാന്തകളും ഈ കെട്ടിന്റെ പ്രത്യേകത ആണ്.

മന-പടിപ്പുരമാളികയില്‍ നിന്നുള്ള ദൃശ്യം
     - വള്ളുവനാടിന്റെ ഗ്രാമീണ ഭംഗികളില്‍ കൂടിയുള്ള യാത്ര എനിക്കെന്നും ഒരു ഹരമായിരുന്നു.ബാല്യ കാലത്തെ ഒറ്റപ്പാലം ജീവിതം സമ്മാനിച്ച മധുരസ്മരണകള്‍ അയവിരക്കുന്നതിനുള്ള  അവസരമായാണ്‌ ഓരോ യാത്രയും ഞാന്‍ കണ്ടത്.അതുകൊണ്ട് തന്നെ ഹോട്ടല്‍ വ്യവസായി ആയ അടുത്ത സുഹൃത്തിന്റെ ഒറ്റപ്പാലതെക്കുള്ള  ബിസ്സിനസ്സ് യാത്രകളില്‍ തരം കിട്ടുമ്പോഴെല്ലാം ഞാന്‍ പങ്കു ചേരാറുണ്ട്.

മനയുടെയും, മനിശ്ശേരിയുടെയും, ഒറ്റപ്പാലത്തിന്റെയും, മനിശ്ശേരിയുടെ സ്നേഹ നായകന്റെയും,  അവിടത്തെ ആത്മാര്‍ഥതയുടെ പ്രതീകങ്ങളായ സുഹൃത്തുക്കളുടെയും, വിശേഷങ്ങള്‍ ഇനിയും ബാക്കി.  അത് മറ്റൊരു അവസരത്തിലെക്കാക്കുന്നു  .
പോസ്റ്റ്‌ അല്പം നീളം കൂടിയോ ആവോ?
കുറച്ചു ചിത്രങ്ങള്‍ കൂടി