Sunday, August 15, 2010

തമിഴ്നാട്-തേനി ജില്ലയിലെ തീര്‍ത്ഥതൊട്ടി തിരുകോവില്‍

38 comments
തമിഴ് നാട്ടിലെ ഹരിതാഭമായ ജില്ലകളിലൊന്നാണു തേനി.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മധുര ജില്ലയുടെ ഭാഗമായിരുന്നു,തേനി പ്രദേശങ്ങള്‍.
                                                  
                                                         കുമളി-തേനി റോഡ്
കഴിഞ്ഞ ദിവസം തേനിയിലേക്ക് ഒരാവശ്യത്തിനായി പോകേണ്ടി വന്നു.കുമളിയില്‍ നിന്നും ആണു യാത്ര തുടങ്ങിയത്.വാഹനത്തില്‍ കയറിയ ഉടനെ ചെറുമഴയും തുടങ്ങി.
                                                                      
തമിഴ്നാട്ടിലൂടെ ചെറുമഴയത്തുള്ള യാത്രകള്‍ രസകരമാണു.പൊടിശല്യമില്ലാതെ,പുതുമണ്ണിന്റെ ഹൃദ്യമായ ഗന്ധം അനുഭവിച്ച് കൊണ്ടുള്ള യാത്ര.
 കുമളിയില്‍നിന്നും ലോവര്‍ ക്യാമ്പ് വരെ ഇറക്കമാണു,പിന്നീടങ്ങോട് നിരപ്പായ റോഡുകളും.  ചിന്നമണ്ണൂര്‍ ഭാഗങ്ങളില്‍,മുന്തിരിതോട്ടങ്ങളുടെ നടുവിലൂടെയാണു യാത്ര.
                                                      
                                                                               ചിന്നമണ്ണൂരിലെ മുന്തിരിത്തോട്ടങ്ങള്‍        
                      
                                                                      
തമിഴന്റെ അദ്ധ്വാനത്താല്‍ മുല്ലപ്പെരിയാറിന്റെ സമൃദ്ധിയില്‍ നല്ല വിളവ് തരുന്ന ഈ മുന്തിരിതോട്ടങ്ങളുടെ ഉടമസ്ഥരിലേറെയും മലയാളികളാണെന്നുള്ളതാണു വസ്തുത.ഇവിടത്തെ വില്പന കേന്ദ്രങ്ങളില്‍ ഫാംഫ്രെഷ് മുന്തിരി വില്‍ക്കുന്നുണ്ടെങ്കിലും വിലയില്‍ കാര്യമായ കുറവൊന്നുമില്ല.പിന്നെ ഒരു ആശ്വാസത്തിനും,കൌതുകത്തിനും കുറച്ച് വാങ്ങാമെന്ന് മാത്രം.മുന്തിരി തൈകളും ഇവിടെ ലഭ്യമാണു.
                                                              
                                                                                

റോഡിനിരുവശവും നെല്‍പ്പാടങ്ങളാണു,  നോക്കെത്താദൂരത്തോളം അവ പരന്നു കിടക്കുന്നു.തേനിയില്‍ നിന്നും മൂന്നാറിനു പോകുന്ന റോഡ് ,കൊച്ചി-മധുര എന്‍ എച്ച് 49 നാഷണല്‍ ഹൈവേയുടെ ഭാഗമാണു.
തേനി-ബോഡി റോഡരികിലുള്ള ഒരു പ്രസിദ്ധ ക്ഷേത്രമാണു തീര്‍ത്ഥതൊട്ടി തിരുകോവില്‍.
                                                                      
                                                                                      തീര്‍ത്ഥതൊട്ടി തിരുകോവില്‍                                                          

പാണ്ഡ്യരാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന  ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കുളത്തില്‍ വന്നു ചേരുന്ന ഒരു ഉറവയില്‍ നിന്നും 24 മണിക്കൂര്‍ നേരവും ജലം നിര്‍ഗമിച്ച് കൊണ്ടിരിക്കുന്നു.
                                                          

                                                                                                      വറ്റാത്ത നീരുറവ                  
എല്ലാ കാലാവസ്ഥയിലും ഒരേ അളവില്‍  ജലപ്രവാഹമുള്ള ഈ ഉറവയുടെ ഉത്ഭവം അജ്ഞാതമാണു.അത്ഭുതസിദ്ധികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ജലപ്രവാഹത്തിലെ കുളി ആഗ്രഹസഫലീകരണത്തിനു ഉത്തമമെന്ന് കരുതപ്പെടുന്നു.
  മൂന്നാര്‍ റോഡിലുള്ള ഒരു ചെറുപട്ടണമാണു ബോഡി എന്നറിയപ്പെടുന്ന ബോഡിനായ്ക്കന്നൂര്‍.മലനിരകള്‍ അതിരിടുന്ന ഇവിടെ നിന്നും ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ ചുരം തുടങ്ങുന്നു.
                                            
                                                     ബോഡിമെട്ട് റോഡ് ദൂരെ അവ്യക്തമായി കാണാം

തേനിയില്‍ നിന്നും 15കിമി ദൂരത്തായാണു ബോഡി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും 29 കിമി അകലെയാണു കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോഡിമെട്ട്.സദാ സമയവും ശക്തമായ കാറ്റ് വീശുന്ന,അസഹ്യമായ തണുപ്പ് അനുഭവപ്പെടുന്ന, ഈ പ്രദേശത്ത് സര്‍ക്കാര്‍ ചെക്ക് പോസ്റ്റുകളും തോട്ടം തൊഴിലാളി ലയങ്ങളും മാത്രമാണുള്ളത്.45കിമി അകലെയാണു മൂന്നാര്‍.ഏലതോട്ടങ്ങളുടെ നടുവിലൂടെയുള്ള ഈ യാത്ര  വളരെ ഹൃദ്യമാണെങ്കിലും രാത്രി യാത്ര,പ്രത്യേകിച്ചും മഴക്കാലത്ത് ,ആശാസ്യമല്ല.ചുരത്തില്‍ ഉണ്ടാകാറുള്ള മലയിടിച്ചിലും, ആനയുള്‍പ്പെടെയുള്ള  വന്യമൃഗങ്ങളുടെ രാത്രിയിലുള്ള സാന്നിദ്ധ്യവും ഇതിനു കാരണമാകുന്നു.