Saturday, October 2, 2010

കർണാടക-ഒരു കൂർഗ് യാത്ര

39 comments
സഞ്ചാര കാഴ്ചകള്‍ എന്ന എന്റെ ബ്ലോഗില്‍ മടികെരിയിലെ ചില ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരുന്നു.അതില്‍ വിവരണം തീരെ കുറഞ്ഞു പോയി എന്ന് പലരും അഭിപ്രായപെടുകയുണ്ടായി.   കൂര്‍ഗ് യാത്രകള്‍ പലരും ഇതിനു മുന്‍പ് മനോഹരമായി എഴുതിയിട്ടുള്ളത് കൊണ്ട് ഞാന്‍ ഒന്ന് മടിച്ചു.മാത്രവുമല്ല എന്റെ താമസം മടികേരിയില്‍ നിന്നും 35 കിലോമീടറോളം അകലെ  കക്കബെ എന്ന ഗ്രാമത്തിലായിരുന്നു താനും.പിന്നീട് ആലോചിച്ചപ്പോള്‍  അതൊന്നു എഴുതിക്കളയാം എന്ന് തീരുമാനിച്ചു.കൂട്ടത്തില്‍ കുറച്ചു മടിക്കേരി കാഴ്ചകളും.
മഴകാലം തുടങ്ങുന്നതിന് തൊട്ടു മുന്‍പുള്ള  സമയത്താണ് കൂര്‍ഗ് സന്ദര്‍ശിക്കുവാനുള്ള ക്ഷണം എനിക്ക് ലഭിക്കുന്നത്.വളരെ അടുത്ത ഒരു സ്നേഹിതന് അവിടെ എസ്റ്റേറ്റ്‌ ഉണ്ട്.അവിടെ പോകാം എന്ന് പലപ്രാവശ്യം പദ്ധതിയിട്ടെങ്കിലും,ഓരോരോ കാരണത്താല്‍ അത് നീണ്ടു പോയി.ഇത്തവണ ഒരു സിവില്‍ വ്യവഹാരത്തിനായി അടിയന്തരമായി അവിടെ പോകാന്‍ ചങ്ങാതി തീരുമാനിച്ചപ്പോള്‍ ഞാനും കൂടെ ചേര്‍ന്നു.അല്ലെങ്കിലും എന്നെ സംബന്ധിചിടത്തോളം എല്ലാ യാത്രകളും  ആകസ്മികമായി മാത്രമേ തരപ്പെടാറുള്ളൂ,മുന്‍‌കൂര്‍ പദ്ധതികളെല്ലാം പൊളിയാറാണു പതിവ്.
ദൂരെ യാത്രയായതിനാല്‍ വെളുപ്പാന്‍ കാലത്ത് തന്നെ പുറപ്പെട്ടു.ഏഴു മണിയായപ്പോഴേക്കും കോഴിക്കോട് കടന്നു കിട്ടി.



                  മഴ നനഞ്ഞ കോഴിക്കോടന്‍പ്രഭാതം
  മഴ നനഞ്ഞ കോഴിക്കോടന്‍ പ്രഭാതം,തിരക്കില്ലാത്ത റോഡുകള്‍,ചെറിയൊരു ചായകുടിക്ക് ശേഷം 
വൈത്തിരി റോഡ്‌ പിടിച്ച്   വീണ്ടും യാത്ര.

ചുരത്തില്‍ കയറുമ്പോള്‍ ആകാശം ഇരുണ്ട് മൂടി നില്‍ക്കുന്നു..എന്നാല്‍ പെട്ടെന്ന് മാനം തെളിഞ്ഞു.ഒരു മയക്കത്തിന് ശേഷം ഉണരുമ്പോള്‍ മാനന്തവാടി ആയിരിക്കുന്നു.എനിക്ക് ഇടവും പ്രിയപ്പെട്ട വയനാടന്‍ പട്ടണങ്ങളില്‍ ഒന്നാണ് മാനന്തവാടി.സുഖകരമായ കാലാവസ്ഥക്ക് പുറമേ നല്ല നിലവാരമുള്ള ഹോട്ടലുകളും ഇവിടെ ഉണ്ട്.ജൈന ക്ഷേത്രങ്ങളും ഒക്കെയായി ടൂറിസ്ടുകളും ധാരാളമായി വന്നുകൊണ്ടിരിക്കുന്നു.പക്ഷെ സമയക്കുറവു മൂലം മനസ്സില്ലാമനസ്സോടെ മാനന്തവാടിയോടു വിട പറഞ്ഞു.
കാട്ടിക്കുളം കഴിഞ്ഞു തെറ്റ് റോഡ്‌ എന്ന സ്ഥലമായി.ഇവിടെ നിന്നുമാണ് തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള പാത തിരിയുന്നത്.
                                    തെറ്റ് റോഡ്‌
 ഈ ജങ്ങ് ഷനിലാണ് കുട്ടേട്ടന്റെ ചെറിയ ടീ സ്റ്റാൾ .ഈ ചായക്കടയിലെ ഉണ്ണിയപ്പം വളരെ പ്രസിദ്ധമാണല്ലോ?ഇതിനെക്കുറിച്ചു ഞാന്‍ നേരത്തെ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ടായിരുന്നു  ,ദാഇവിടെ.പരിചയം പുതുക്കി,ചായയും,ഉണ്ണിയപ്പവും കഴിച്ച് യാത്ര തുടര്‍ന്നു.

ഇരു വശവും നല്ല കാടാണ്,പച്ച പുതച്ചു വരുന്നതേയുള്ളൂ.ആനകളെ കാണാനാവുമെന്ന പ്രതീക്ഷയില്‍ കണ്ണ് ചിമ്മാതെ നോക്കിയിരുന്നെങ്കിലും  ഒരെണ്ണത്തെപ്പോലും  കാണുവാന്‍ സാധിച്ചില്ല,
തോല്‍പ്പെട്ടി,കുട്ട വഴിയാണ് സഞ്ചാരം.തോല്‍പ്പെട്ടിയിലോക്കെ വന്‍കിട റിസോര്‍ട്ടുകള്‍ വന്നിരിക്കുന്നു. വനാതിർത്തിയോട് ചേർന്നാണു ഏറെയും. അതിലൊക്കെ നിറയെ ആളുകളും വാഹനങ്ങളും.
                                തോല്‍പ്പെട്ടിറിസോര്‍ട്ടു.
നമ്മുടെ ഒരു മുന്‍ എംപിയുടെ എസ്റ്റേറ്റ്‌ റോഡരികില്‍ നിന്നും കാണാം.കുട്ടയാണ് കേരള അതിര്‍ത്തി.കര്‍ണാടക സംസ്ഥാനം ഇവിടം മുതല്‍ തുടങ്ങുകയായി.റോഡുകളുടെ അവസ്ഥ പരമ ശോചനീയമാണ്,കുഴികള്‍ മാത്രം.ടാര്‍ എന്നാ വസ്തു കാണുവാന്‍ തന്നെ പ്രയാസം.ഇതിലും എത്രയോ ഭേദം ഞങ്ങള്‍ ഇപ്പോള്‍ സഞ്ചരിച്ച കേരള റോഡുകള്‍.കുഴികളിലൂടെ ചാടി ചാടി കാര്‍ മെല്ലെ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.പല അവസരങ്ങളിലും പുറത്തിറങ്ങി നടക്കുകയാണ് ഭേദം എന്ന് തോന്നി.പക്ഷെ എതിരെ ഒരു വാഹനം വന്നാല്‍  റോഡില്‍ ഉയരുന്ന  പൊടി കണ്ടപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു.പക്ഷെ ചുറ്റും നിറഞ്ഞു നില്ക്കുന്ന പ്രകൃതിയുടെ മനോഹാരിത ആ കുറവുകളെല്ലാം നികത്തും. 
റോഡിനിരുവശവും പൂത്തു നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍.അതിനുള്ളിൽ വളർന്നു നില്ക്കുന്ന ഈട്ടി അടക്കമുള്ള വൻവൃക്ഷങ്ങള്‍.
                                                                                          പൂത്തുലഞ്ഞുനില്ക്കുന്നകാപ്പിത്തോട്ടങ്ങൾ
ഒരു നാല് കിലോമീറര്‍ കഴിഞ്ഞപ്പോള്‍ തരക്കേടില്ലാത്ത റോഡായി.നെല്‍പ്പാടങ്ങള്‍ രണ്ടു വശത്തും കാണാം,അത് കഴിഞ്ഞാലുടനെ വീണ്ടും ചെറിയ കുന്നുകളില്‍ കാപ്പിത്തോട്ടം.

                                                        വില്ലീസ് ജീപിലെ സഞ്ജാരം
കൂര്‍ഗ് ഭാഗങ്ങളിലെവിടെയും ഈ ഒരു സവിശേഷതയാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത്.റോഡ്‌ നന്നായാതോടെ കാര്‍ നല്ല വേഗതയിലായിക്കഴിഞ്ഞു.ഗോനിക്കൊപ്പാല്‍ എന്ന ചെറു പട്ടണം പിന്നിട്ടു വീണ്ടും മുന്നോട്ടു.  ഉച്ച ഭക്ഷണം വീരാജ് പെട്ടില്‍  നിന്നും വാങ്ങിത്തരാമെന്നാണ് സുഹൃത്തിന്റെ വാഗ്ദാനം.മട്ടന്‍ ബിരിയാണിക്ക് പേരുകേട്ട പട്ടണമാണത്രേ ഇത്. കാര്‍ വീരാജ്‌ പെട്ട് പട്ടണത്തിലെത്തി.
                                                                വീരാജ്പെട്ട് പട്ടണം
ചെറുതെങ്കിലും തിരക്കുള്ള ഒരു പട്ടണമാണ് ഇത്.സ്പൈസസ് കടകളാണെങ്ങും. പ്രത്യേക രീതിയില്‍ സാരിയുടുത്ത കുടകന്‍ സ്ത്രീകളെയും,ജെന്റില്‍മാന്‍ ഡ്രസ്സ്‌ ധരിച്ച പുരുഷന്മാരെയും ഇവിടെ കാണാം.കൌബോയ്‌ തൊപ്പിയും ധരിച്ചു,പഴയ ക്ലാസിക് വിലീസ് പെട്രോള്‍ ജീപ്പുകളില്‍ ചുറ്റിയടിക്കുന്ന  പ്രൌഡഗംഭീരരായ കുടകന്മാരെയും കാണാം.
മിക്കവാറും ആളുകള്‍ക്ക് മലയാളം അറിയാം.ചെറുതെങ്കിലും നല്ല ഒരു റെസ്റ്റാറന്റിൽ നിന്നും മട്ടന്‍ ബിരിയാണി തന്നെ വാങ്ങിത്തന്നു സുഹൃത്ത് വാക്കുപാലിച്ചു.നല്ല സൂപ്പര്‍ ബിരിയാണി!!
വീരാജ്‌ പെട്ടില്‍ നിന്നും കുറെദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. മടിക്കേരി റൂട്ടില്‍ നിന്നും തിരിഞ്ഞു, കക്കബെ എന്ന സ്ഥലത്താണ് സുഹൃത്തിന്റെ എസ്റ്റേറ്റ്‌.അവിടെക്കുള്ള യാത്രകളില്‍ വീരജ്പെട്ടില്‍ നിന്നുമാണ് അവര്‍ ഭക്ഷണപാനീയങ്ങള്‍ എല്ലാം സംഭരിക്കുന്നത്.ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ  നല്ല മീനും,ചിക്കനും,കുറച്ചു പഴങ്ങളും മറ്റും വാങ്ങി കാറിലാക്കി. എസ്റ്റേറ്റിലെ കുക്ക് മലയാളി ആണു,കുടകൻ വിഭവങ്ങളൊരുക്കന്നതിൽ നിപുണനും!!


വീണ്ടും കാപ്പിതോട്ടങ്ങള്‍ തന്നെ കാഴ്ച. റോഡ്‌ വീതി തീരെ കുറവാണ്,എതിരെ ഒരു വാഹനം വന്നാല്‍ നമ്മുടെ വണ്ടി ടാറില്‍ നിന്നിറക്കാതെ രക്ഷയില്ല. ഇടയ്ക്കിടെ ചെറിയ ചെറിയ ചില ഗ്രാമങ്ങള്‍ പിന്നിടുന്നുണ്ട്.ഒരു മരതണലില്‍ അല്പനേരത്തെ വിശ്രമത്തിന് ശേഷം യാത്ര തുടര്‍ന്നു.മനോഹരമായ ഭൂപ്രകൃതിയാണ്,ഇവിടെയൊക്കെ. നെല്‍വയലുകള്‍ക്ക് അതിരിടുന്ന ചെറുകുന്നുകള്‍,അതിനിടയിലെ വീടുകള്‍, ഇഞ്ചി കൃഷിക്കായി ഒരുക്കിയിരിക്കുന്ന പറമ്പുകള്‍ അങ്ങിനെ അങ്ങിനെ പോകുന്നു കാഴ്ചകള്‍.വഴിയിലെങ്ങും ഹോം സ്റ്റേ ബോര്‍ഡുകള്‍ കാണാം,ടൂറിസം അഭിവൃദ്ധി പ്രാപിക്കുന്നതിനെ ലക്ഷണങ്ങള്‍.പക്ഷെ കിലോമീറ്ററുകള്‍ അകലെ മടികെരിയിലെതാണെന്നു മാത്രം.ബോര്‍ഡുകള്‍ കാണുമ്പോള്‍,നമ്മള്‍ മടിക്കേരി ആകാറായി എന്ന് തെറ്റിധരിക്കുകയും ചെയ്യും.

                                                                  കക്കബെ ഗ്രാമദ്രുശ്യങ്ങൾ
കുറച്ചു കഴിഞ്ഞപ്പോള്‍ കക്കബെ എന്ന ഗ്രാമമെത്തി.ഒരു ചായക്കടയും,ഒന്ന് രണ്ടു പലചരക്ക് കടകളുമുള്ള ഗ്രാമം.ഒരു പലചരക്ക് കട മലയാളി ആയ പൌലോസിന്റേതാണ്.കോതമംഗലത്ത് നിന്നും കുടിയേറി,കന്നടക്കാരിയെ കല്യാണവും കഴിച്ചു,സുഖമായി ജീവിക്കുന്നു.ആള്‍ക്ക് മുന്‍പ് വന്യമ്രുഗങ്ങളുടെ മാംസകച്ചവടം ഉണ്ടായിരുന്നുവത്രേ. രണ്ടു മൂന്നു കേസില്‍ പെട്ടപ്പോള്‍ നിർത്തിയതാണെന്ന്  സുഹൃത്ത് പറഞ്ഞു.

  മെയിന്‍ റോഡില്‍ നിന്നും ഒരു ചെറിയ ഇടറോഡിലേക്ക്‌ കാര്‍ തിരിഞ്ഞു.ഈ വഴിയിലൂടെ വേണം എസ്റ്റേറ്റ്‌ റോഡിലെത്താന്‍.ഒരു വലിയ മലയുടെ അടിവാരത്താണ് എസ്റ്റേറ്റ്‌.
                                                                         എസ്റ്റേറ്റ് റോഡ്
ഗെയിറ്റ് മുതല്‍ പിന്നെ ഫോര്‍ വീല്‍ ജീപ്പ് മാത്രമേ പോകുകയുള്ളൂ.ജീപുമായി സൂപര്‍വൈസര്‍ ഷാജി കാത്തു നില്‍പ്പുണ്ട്.നെടുംകണ്ടം കാരനാണ് ഷാജി. 5 വര്‍ഷമായി ഇവിടെയായിട്ടു.ഏലം കൃഷിയില്‍ വിദഗ്ധനാണ് ഇദ്ദേഹം. കാര്‍ അടിവാരത്തുള്ള വീട്ടിലിട്ടു,സാധനങ്ങള്‍ എല്ലാം ജീപ്പിലെടുത്തു വച്ച്,തോട്ടത്തിലേക്ക് യാത്രയായി.ഒരു കിലോമീടറോളം യാത്രയുണ്ട്,എസ്റ്റേറ്റ്‌ ബംഗ്ലാവിലേക്ക്.(ബംഗ്ലാവെന്നു കേട്ട് തെറ്റിധ്ധരിക്കരുതെ,)എല്ലാവിധ സൌകര്യങ്ങളുമുള്ള ,3 കിടപ്പ് മുറികളും,അടുക്കളയും,വരാന്തയും,ഔട്ട്‌ഹൌസുമുടങ്ങുന്ന, പഴയ , നല്ല ഒരു വീട്.
നല്ല കുത്തനെയുള്ള കയറ്റങ്ങളും,ഇറക്കങ്ങളും.ഇടയ്ക്കിടെ,വഴി മുറിച്ചൊഴുകുന്ന കാട്ടരുവികള്‍. കാപ്പി ചെടികള്‍ക്കിടയിലൂടെ, റോളർ-കോസ്റ്റ് റൈഡ് പോലെ ജീപ്പ് യാത്ര. , ബംഗ്ലാവ് ലക് ഷ്യമാക്കി,ജീപ്പ് നീങ്ങിക്കൊണ്ടിരുന്നു.


(ഒരു പോസ്റ്റ് കൂടി ഇട്ടാൽ ഈ യാത്ര തീർന്നേക്കും? )

Sunday, August 15, 2010

തമിഴ്നാട്-തേനി ജില്ലയിലെ തീര്‍ത്ഥതൊട്ടി തിരുകോവില്‍

38 comments
തമിഴ് നാട്ടിലെ ഹരിതാഭമായ ജില്ലകളിലൊന്നാണു തേനി.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മധുര ജില്ലയുടെ ഭാഗമായിരുന്നു,തേനി പ്രദേശങ്ങള്‍.
                                                  
                                                         കുമളി-തേനി റോഡ്
കഴിഞ്ഞ ദിവസം തേനിയിലേക്ക് ഒരാവശ്യത്തിനായി പോകേണ്ടി വന്നു.കുമളിയില്‍ നിന്നും ആണു യാത്ര തുടങ്ങിയത്.വാഹനത്തില്‍ കയറിയ ഉടനെ ചെറുമഴയും തുടങ്ങി.
                                                                      
തമിഴ്നാട്ടിലൂടെ ചെറുമഴയത്തുള്ള യാത്രകള്‍ രസകരമാണു.പൊടിശല്യമില്ലാതെ,പുതുമണ്ണിന്റെ ഹൃദ്യമായ ഗന്ധം അനുഭവിച്ച് കൊണ്ടുള്ള യാത്ര.
 കുമളിയില്‍നിന്നും ലോവര്‍ ക്യാമ്പ് വരെ ഇറക്കമാണു,പിന്നീടങ്ങോട് നിരപ്പായ റോഡുകളും.  ചിന്നമണ്ണൂര്‍ ഭാഗങ്ങളില്‍,മുന്തിരിതോട്ടങ്ങളുടെ നടുവിലൂടെയാണു യാത്ര.
                                                      
                                                                               ചിന്നമണ്ണൂരിലെ മുന്തിരിത്തോട്ടങ്ങള്‍        
                      
                                                                      
തമിഴന്റെ അദ്ധ്വാനത്താല്‍ മുല്ലപ്പെരിയാറിന്റെ സമൃദ്ധിയില്‍ നല്ല വിളവ് തരുന്ന ഈ മുന്തിരിതോട്ടങ്ങളുടെ ഉടമസ്ഥരിലേറെയും മലയാളികളാണെന്നുള്ളതാണു വസ്തുത.ഇവിടത്തെ വില്പന കേന്ദ്രങ്ങളില്‍ ഫാംഫ്രെഷ് മുന്തിരി വില്‍ക്കുന്നുണ്ടെങ്കിലും വിലയില്‍ കാര്യമായ കുറവൊന്നുമില്ല.പിന്നെ ഒരു ആശ്വാസത്തിനും,കൌതുകത്തിനും കുറച്ച് വാങ്ങാമെന്ന് മാത്രം.മുന്തിരി തൈകളും ഇവിടെ ലഭ്യമാണു.
                                                              
                                                                                

റോഡിനിരുവശവും നെല്‍പ്പാടങ്ങളാണു,  നോക്കെത്താദൂരത്തോളം അവ പരന്നു കിടക്കുന്നു.തേനിയില്‍ നിന്നും മൂന്നാറിനു പോകുന്ന റോഡ് ,കൊച്ചി-മധുര എന്‍ എച്ച് 49 നാഷണല്‍ ഹൈവേയുടെ ഭാഗമാണു.
തേനി-ബോഡി റോഡരികിലുള്ള ഒരു പ്രസിദ്ധ ക്ഷേത്രമാണു തീര്‍ത്ഥതൊട്ടി തിരുകോവില്‍.
                                                                      
                                                                                      തീര്‍ത്ഥതൊട്ടി തിരുകോവില്‍                                                          

പാണ്ഡ്യരാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന  ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കുളത്തില്‍ വന്നു ചേരുന്ന ഒരു ഉറവയില്‍ നിന്നും 24 മണിക്കൂര്‍ നേരവും ജലം നിര്‍ഗമിച്ച് കൊണ്ടിരിക്കുന്നു.
                                                          

                                                                                                      വറ്റാത്ത നീരുറവ                  
എല്ലാ കാലാവസ്ഥയിലും ഒരേ അളവില്‍  ജലപ്രവാഹമുള്ള ഈ ഉറവയുടെ ഉത്ഭവം അജ്ഞാതമാണു.അത്ഭുതസിദ്ധികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ജലപ്രവാഹത്തിലെ കുളി ആഗ്രഹസഫലീകരണത്തിനു ഉത്തമമെന്ന് കരുതപ്പെടുന്നു.
  മൂന്നാര്‍ റോഡിലുള്ള ഒരു ചെറുപട്ടണമാണു ബോഡി എന്നറിയപ്പെടുന്ന ബോഡിനായ്ക്കന്നൂര്‍.മലനിരകള്‍ അതിരിടുന്ന ഇവിടെ നിന്നും ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ ചുരം തുടങ്ങുന്നു.
                                            
                                                     ബോഡിമെട്ട് റോഡ് ദൂരെ അവ്യക്തമായി കാണാം

തേനിയില്‍ നിന്നും 15കിമി ദൂരത്തായാണു ബോഡി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും 29 കിമി അകലെയാണു കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോഡിമെട്ട്.സദാ സമയവും ശക്തമായ കാറ്റ് വീശുന്ന,അസഹ്യമായ തണുപ്പ് അനുഭവപ്പെടുന്ന, ഈ പ്രദേശത്ത് സര്‍ക്കാര്‍ ചെക്ക് പോസ്റ്റുകളും തോട്ടം തൊഴിലാളി ലയങ്ങളും മാത്രമാണുള്ളത്.45കിമി അകലെയാണു മൂന്നാര്‍.ഏലതോട്ടങ്ങളുടെ നടുവിലൂടെയുള്ള ഈ യാത്ര  വളരെ ഹൃദ്യമാണെങ്കിലും രാത്രി യാത്ര,പ്രത്യേകിച്ചും മഴക്കാലത്ത് ,ആശാസ്യമല്ല.ചുരത്തില്‍ ഉണ്ടാകാറുള്ള മലയിടിച്ചിലും, ആനയുള്‍പ്പെടെയുള്ള  വന്യമൃഗങ്ങളുടെ രാത്രിയിലുള്ള സാന്നിദ്ധ്യവും ഇതിനു കാരണമാകുന്നു.