Tuesday, February 9, 2010

17 comments
ആലപ്പുഴ പള്ളിക്കായല്‍ വഴി യാത്ര ചെയ്യുമ്പോഴുള്ള ഒരു മനോഹര  കാഴ്ച



Monday, February 8, 2010

മൂന്നാര്‍-കേരളം vs ജെന്റിങ് -മലേഷ്യ

5 comments
മൂന്നാര്‍ വിവാദം വീണ്ടും കത്തി നില്ക്കുന്ന ഈ അവസരത്തില്‍ ,പ്രസക്തിയുള്ള ഒരു  വിഷയമാണിതെന്നു തോന്നുന്നു.
രാഷ്ട്രീയക്കാരും,ചാനലുകാരും,ഉദ്യോഗസ്ഥരും കൂടി മൂന്നാര്‍ ഇല്ലാതാക്കുന്നു.അതിനെ  കുറിച്ചുള്ള ആശങ്കകളും,ദുഖവും ഇവിടെ രേഖപ്പെടുത്തുന്നു.മൂന്നാറിന് സമാനമായ കാലാവസ്ഥയും,ഭൂ പ്രകൃതിയുമുള്ള,ജെന്റിംഗ് എന്ന മലേഷ്യന്‍ പ്രദേശത്തിന്റെ അവസ്ഥ ഒന്ന് പരിശോധിക്കാം.

മലേഷ്യയിലുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ജെന്റിംഗ് ഹൈലാന്റ്സ്.സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 6118 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കോലാലംപുര്‍ നഗരത്തില്‍ നിന്നും 51  കിമി ദൂരെയാണ്.നമ്മുടെ മൂന്നാറിന് സമാനമായ കാലാവസ്ഥയാണിവിടെ.പ്രകൃതിഭംഗിയുടെ കാര്യത്തില്‍ മൂന്നാറിന്റെ ഏഴയലത്ത് വരികയില്ലെങ്കിലും,അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ മൂന്നാറിന് ,ജെന്റിങ്ങുമായി ഒരു താരതമ്യത്തിനു പോലും അര്‍ഹതയില്ല എന്ന് ഖേദ പൂര്‍വ്വം പറയേണ്ടിയിരിക്കുന്നു.

ജെന്റിങ് ഹോട്ടല്‍




കണ്‍വെന്‍ഷന്‍  സെന്റര്‍
 
ഹോട്ടലില്‍ നിന്നുമുള്ള കാഴ്ചകള്‍
 ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ വീക്ഷണം എങ്ങിനെയായിരിക്കണം എന്നുള്ളതിന്റെ ഉത്തമ  ദൃഷ്ടാന്തമാണ് ജെന്റിംഗ്.കോലാലംപൂരില്‍ നിന്നും  ഒന്നേകാല്‍  മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവിടെ എത്താം.6 വരി പാതയാണ് ഇവിടേയ്ക്ക്.വഴി നീളെ പാര്‍ക്കുകള്‍,ഭക്ഷണ ശാലകള്‍ ,ഗോള്‍ഫ് കോഴ്സുകള്‍,വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവ.സ്വകാര്യ മേഖലയിലും അല്ലാതെയും.ജെന്റിങ്ങില്‍ എത്തിച്ചേര്‍ന്നാല്‍ പിന്നെ കാഴ്ചകളുടെഒരുവര്‍ണ്ണനാതീതമായ ലോകമാണ്.വിവിധ നിലവാരത്തിലുള്ള ഹോട്ടലുകള്‍ ,അമ്യൂസ്മെന്റ് പാര്‍ക്കുകള്‍,
ഷോപ്പിംഗ്‌ മാളുകള്‍,സ്കൈഡൈവിംഗ്,സ്നോ വേള്‍ഡ്, കേബിള്‍ കാര്‍,സാഹസിക വിനോദങ്ങള്‍   അങ്ങിനെ നിരവധി വിനോദത്തിനുള്ള ഉപാധികള്‍.

മലേഷ്യയിലെ റോഡുകള്‍  


ഹോട്ടല്‍
ഗോള്‍ഫ് ക്ലബ്

വഴിയോര കേന്ദ്രങ്ങള്‍

ഇനി മൂന്നാറിനെ പറ്റി
മേല്‍ പറഞ്ഞ ജെന്റിങ്ങിന്റെ പത്തിരട്ടി പ്രകൃതി സമ്പത്തും , വിഭവങ്ങളുമുള്ള മൂന്നാറിന്റെസ്ഥിതി നോക്കൂ.
  ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന്റെ അടിസ്ഥാനം, റോഡ്‌ സൌകര്യങ്ങള്‍ ആണെന്ന് 




മനസ്സിലാക്കാത്ത ഭരണകൂടം ആണ്  നമുക്കുള്ളത്. മൂന്നാറിലേക്കുള്ള റോഡുകള്‍ നോക്കൂ.നല്ലതെങ്കിലും വീതി കുറഞ്ഞ ഒരു "ഒന്നര "വരിപ്പാത. കൂടെ ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍ വേറെയും.

വിവാദങ്ങള്‍ക്കു പകരം,സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ :
1 .ടാറ്റയുടെ കൈവശ ഭൂമിയെല്ലാം രാജ ഭരണം വഴിസര്‍ക്കാരില്‍ നിക്ഷിപ്തമായ   പാട്ട ഭൂമിയാണ്‌. സര്‍ക്കാര്‍ മൂന്നാര്‍ടൗണിനു2 കിമിറേഡിയസില്‍ഉള്ള ടാറ്റയുടെ ഭൂമിഏറ്റെടുക്കണം.ഇത് ഏകദേശം 12 .56 ച.കിമി  അഥവാ
 31൦൦ ഏക്കര്‍ സ്ഥലം  വരും.
2.ഒരു വന്‍ വികസന കാഴ്ചപ്പാടോടെ ,ശാസ്ത്രീയമായി, മേല്‍പറഞ്ഞസ്ഥലം വിഭജിച്ചു ബോട്ടാണിക്കല്‍ ഗാര്‍ഡനുകള്‍, പാര്‍ക്കുകള്‍,ഹോട്ടലുകള്‍,കേബിള്‍ കാര്‍,അമ്യൂസ്മെന്റ് പാര്‍ക്കുകള്‍,ഷോപ്പിംഗ്‌ മാളുകള്‍,അഡ്വഞ്ചര്‍ അക്കാദമി  മറ്റു അനുബന്ധ സൌകര്യങ്ങള്‍  തുടങ്ങിയവയ്ക്ക് നല്‍കുക.
3.മേല്‍ പറഞ്ഞ കാര്യങ്ങള്‍ സ്വകാര്യ മേഖലയിലോ സംയുക്ത മേഖലയിലോ നടത്താവുന്നതാണ്. 
4.വന നിയമത്തിന്റെ സാങ്കേതികത്വം ഉയര്‍ത്താതെ 6 വരി പാതയോ,ചുരുങ്ങിയത് 4 വരി പാതയോ അടിയന്തരമായി നിര്‍മമിക്കുക. 
   എന്തിനെയും ഏതിനേയും രാഷ്ട്രീയമായി നോക്കിക്കാണുന്ന ഭരണകൂടത്തിന്റെ,പാര്‍ട്ടികളുടെ,ഈ മനോഭാവം മാറിയെ തീരൂ . ഇപ്പോഴുള്ള അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കുകയും ,സംസ്ഥാനത്തിന്റെ പൊതു നന്മക്കായി പ്രവര്‍ത്തിക്കുകയും വേണം എന്നതാണ് ഏറ്റവും ആവശ്യം .ദീര്‍ഘ ദൃഷ്ടിയുള്ള ഭരണ സംവിധാനവും,അര്‍പ്പണ ബോധമുള്ള കുറച്ചു ഉദ്യോഗസ്ഥരും മാത്രം മതി,രണ്ടോ,മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പരിശ്രമം ഫലപ്രാപ്തിയിലെത്തിക്കാന്‍.  വരുമാനത്തിലും,മൂന്നാറിന്റെ അന്താരാഷ്‌ട്ര പ്രശസ്തിയിലും ഉണ്ടാകുന്ന വന്‍ വര്‍ധനവ്‌ ആയിരിക്കും ഫലം.സമീപ ഭാവിയില്‍ ഇവ യാഥാര്‍ത്ഥ്യമാകും എന്ന് നമുക്ക് പ്രത്യാശിക്കാം,അതിനായി പ്രാര്‍ഥിക്കാം.   


Thursday, February 4, 2010

വാരണാസി യാത്ര

12 comments




ഒരു മാര്‍ച്ച്‌ മാസത്തിലെ ആദ്യ വാരത്തിലാണ് ,വാരണാസി യാത്രക്കുള്ള ക്ഷണം എനിക്ക് ലഭിക്കുന്നത്.

ഗംഗാ നദി


നമുക്കൊന്ന്     വാരണാസിവരെപോയിവരാം എന്ന്, സ്പൈസസ്എക്സ്പോര്‍ട്ടര്‍ ആയ  സുഹൃത്ത്‌
പറയുന്നത്,35കിമി മാത്രം  അകലെയുള്ള   എറണാകുളം വരെ പോയി വരാം, എന്ന് പറയുന്ന ലാഘവത്തോടെയായിരിന്നു.സുപ്രസിദ്ധമായ ഗംഗാ നദിയും കാശി ക്ഷേത്രവും സ്ഥിതി ചെയ്യുന്ന,ലോകത്തിലെഅതിപുരാതന നഗരങ്ങളില്‍ഒന്നായ , വാരണാസി സന്ദര്‍ശിക്കുവാനുള്ള
  ക്ഷണം ലഭിച്ച മാത്രയില്‍ തന്നെ ഞാന്‍ സമ്മതം മൂളി. അടുത്തയാഴ്ച,പോകാന്‍ തയ്യാറാകണം എന്ന്നിര്‍ദ്ദേശംലഭിക്കുമ്പോഴുംഎങ്ങിനെപോകുന്നു എന്നതിനെക്കുറിച്ചു വലിയപിടികിട്ടിയിരുന്നില്ല. സംഗതി ,നടപ്പുള്ളതാണോഎന്നൊരുസംശയവുംബാക്കി .എന്തായാലും,യാത്രക്കുള്ള ഒരുക്കങ്ങള്‍
 തുടങ്ങുമ്പോഴേക്കും,ടിക്കറ്റുകളും എത്തി.
    പോകുന്ന ദിവസം ആഗതമായി.പെട്ടിയെല്ലാം തയ്യാറാക്കി,നേരെ എയര്‍ പോര്‍ട്ടിലെത്തി.സ്പയിസ് ജെറ്റിന്റെ, മുംബൈ വഴിയുള്ള  ദില്ലി വിമാനത്തില്‍ ആണ് യാത്ര പ്ലാന്‍ചെയ്തിരിക്കുന്നത്.ഉച്ചയോടെ വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങി.രണ്ടര മണിക്കൂര്‍ യാത്രക്കിടയില്‍ ഒരു ഗ്ലാസ്‌ പച്ച വെള്ളം മാത്രമാണ് ലഭിച്ചത്.മുംബൈ   എയര്‍ പോര്‍ട്ടില്‍ നിന്നും വിമാനത്തിന്റെ ടെയിക് ഓഫിനു മുമ്പ് തന്നെ ,വിശപ്പ്‌  ടെയിക് ഓഫ്‌ചെയ്തിരുന്നു.
ലഘുഭക്ഷണത്തിന്റെ വണ്ടിയും തള്ളിക്കൊണ്ട്, എയര്‍ ഹോസ്ടസ്ഇപ്പോള്‍എത്തിയിട്ടുണ്ട്. എന്ത് ആഹാരം കഴിക്കണം എന്ന് ചിന്തിക്കും മുന്‍പേ ,സഹയാത്രികന്‍  വിശപ്പ്‌    സഹിക്ക വയ്യാതെ  സാന്‍ഡ് വിച്ച്‌  ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു.ഡയബടിക്   ആയതുകൊണ്ട് ,പാവം അവശതയിലാണ്.അതും മതിയാവാതെ , സാന്‍ഡ് വിച്ചിന്റെകൂടെ , നല്ല  മധുരമുള്ള ഒരു ടിന്‍ ജ്യൂസും ആശാന്‍ തട്ടി വിടുന്നുണ്ട്.എല്ലാം കൂടി അകത്താക്കി ,രക്തത്തിലെ  പഞ്ചസാരയുടെ അളവ്  ഭേദപ്പെടുത്തി, സഹയാത്രികന്‍ ഉറങ്ങാന്‍ കിടന്നു.കിട്ടിയ ബില്ലിന്റെ ഘനത്തില്‍  ഞാനും ഉറങ്ങി.. പിന്നെ ഉണര്‍ന്നത് ,വിമാനം ദില്ലി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌  ചെയ്തപ്പോള്‍ ആണ്.
ദില്ലിവിമാനത്താവളത്തില്‍,വിമാനങ്ങള്‍തലങ്ങുംവിലങ്ങുംചിതറിക്കിടക്കുന്നു.സ്പൈസ് ജെടിന്റെയും,
ഗോ എയര്‍ കമ്പനിയുടെയും ,മറ്റു എയര്‍ ലൈനുകളുടെയും,  വിമാനങ്ങള്‍ യഥേഷ്ഠം  പാര്‍ക്ക് ചെയ്തിരിക്കുന്നു.സ്പൈസ് ജെറ്റ് കമ്പനിക്കു ഇത്രയും വിമാനങ്ങള്‍ സര്‍വീസിനു ഉണ്ട്  എന്ന് മനസ്സിലായത്‌ ഇപ്പോഴാണ്.ബസ്സില്‍ തൂങ്ങിപ്പിടിച്ച്‌ ടെര്‍മിനലില്‍ എത്തി,ബാഗുകള്‍  എല്ലാം  എടുത്തു പുറത്തു കടന്നു.വലിയ വികസനമാണ് ഇവിടെ എയര്‍പോര്‍ട്ടില്‍  നടന്നു കൊണ്ടിരിക്കുന്നത്.
പുറത്തു ഞങ്ങളെയും കാത്തു ,ദില്ലിയിലുള്ള സുഹൃത്ത് പ്രദീപ്‌  , കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ എത്തി,പല കമ്പനികളില്‍ ജോലി ചെയ്തു,ഇപ്പോള്‍ സ്വന്തമായി  നല്ല രീതിയിലുള്ള ബിസിനസ്‌ സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു മാന്യ വ്യക്തിയാണ് അദ്ദേഹം.അദ്ദേഹത്തോടൊപ്പം,  കരോള്‍ ബാഗിലുള്ള ഹോട്ടലിലെക്ക് യാത്രയായി.ഞാന്‍ പോകുന്ന സമയത്ത്,ദില്ലിയില്‍ ചൂട് കാലം തുടങ്ങിയിട്ടില്ല.ചെറിയ തണുപ്പുണ്ട് താനും.ആകെക്കൂടി സുഖകരമായ കാലാവസ്ഥ.കാഴ്ചകള്‍ കണ്ടു കണ്ടു ഹോട്ടലില്‍ എത്തിയതറിഞ്ഞില്ല. വിഭവ സമൃദ്ധമായ ഒരു ഭക്ഷണത്തിന് ശേഷം നല്ല ഒരു മയക്കം.സുഖകരമായി ഒന്ന് കുളിച്ചതിനു ശേഷം ,ദില്ലി പട്ടണത്തിന്റെ കാഴ്ച്ചകളിലെക്കിറങ്ങി.കരോള്‍ ബാഗിലെ ഷോപ്പിംഗ്‌ സെന്ററുകളില്‍   ഒന്ന് കയറി,അത്യാവശ്യം സാധനങ്ങള്‍ എല്ലാം വാങ്ങി.പിന്നെ മെട്രോയിലൂടെ രാജീവ്‌ ചൌക്ക് വഴി  കറങ്ങി,നല്ല ഒരു പഞ്ചാബി റെസ്റ്റാറന്റീല്‍  നിന്നും ഭക്ഷണവും കഴിച്ചു ,തിരികെ ഹോട്ടലില്‍ എത്തുമ്പോഴേക്കും,   സമയം രാത്രി പതിനൊന്നരയായി. വാങ്ങിയ സാധനങ്ങള്‍ എല്ലാം ബാഗിലടുക്കി,ഒരു കുളിയും കഴിഞ്ഞപ്പോള്‍  നല്ല ഉറക്കത്തിനുള്ള മൂഡായി.

മൊബൈലിന്റെ അലാറമാണ് ഉറക്കത്തില്‍ നിന്നു ഉണര്‍ത്തിയത്.സമയം ആറു മണിയാണു ഇപ്പോള്‍.തിടുക്കത്തില്‍,പ്രഭാത കര്‍മ്മങ്ങള്‍ എല്ലാം  നിര്‍വ്വഹിച്ചു,ഇളം തണുപ്പില്‍ ഒരു  പ്രഭാത സവാരിക്കിറങ്ങി.സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ.രാവിലെയുള്ള സവാരിക്കാര്‍ വളരെക്കുറവ്.നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഏതു സ്ഥലത്ത് ചെന്നാലും രാവിലെ നടപ്പുകാരെ തട്ടാതെ റോഡിലൂടെ നടക്കുവാന്‍ സാധിക്കുകയില്ല എന്ന സ്ഥിതി ആയിട്ടുണ്ടല്ലോ!.ലഘുവായ ഭക്ഷണത്തിന് ശേഷം ,ഞങ്ങള്‍ രണ്ടാളും നേരെ ഒരു ടാക്സിയില്‍ എയര്‍ പോര്‍ട്ടിലേക്ക് ലേക്ക്  വച്ച് പിടിച്ചു.അത്യാവശ്യ തിരക്കുകള്‍ ഉള്ളതിനാല്‍ ഇന്ന് വരാന്‍ സാധിക്കുകയില്ല എന്ന് പ്രദീപ്‌ നേരത്തെ തന്നെ അറിയിച്ചിരുന്നു.ഇത്രയും തിരക്കുകള്‍ക്കിടയിലും ഞങ്ങളെ സ്വീകരിക്കുവാനും ,സല്ക്കരിക്കുവാനും സമയം കണ്ടെത്തിയ അദ്ദേഹത്തോട്, നന്ദിയും പറഞ്ഞു ,ഞങ്ങള്‍ എയര്‍ പോര്‍ട്ടിലെത്തി.
ഇപ്രാവശ്യം യാത്ര കിംഗ്‌ ഫിഷറിലാണ്.കൃത്യസമയത്ത് തന്നെ വിമാനം പുറപ്പെട്ടു.നല്ല സുന്ദരന്‍ (സുന്ദരി?)എയര്‍ ബസ് 320 വിമാനം.സൌഹൃദപൂര്‍വം പെരുമാറുന്ന വിമാന  ജോലിക്കാര്‍.അതിനും പുറമേ നല്ല രുചിയുള്ള  ഉച്ച ഭക്ഷണവും.തന്റെ ഓരോ ക്രൂവിനെയും, താന്‍ നേരിട്ടാണ് തിരഞ്ഞെടുക്കുന്നതെന്ന വിജയ്‌ മല്യയുടെ അവകാശ വാദം പൊള്ളയല്ല എന്ന് ക്രൂവിന്റെ പെരുമാറ്റം തെളിയിക്കുന്നു.ഭക്ഷണം കഴിയാറായപ്പോഴേക്കും വാരണാസിയില്‍ , വിമാനം ലാന്‍ഡ്‌ ചെയ്യാന്‍ പോകുകയാണ്  എന്ന ,പൈലറ്റിന്റെ ,അറിയിപ്പ് മുഴങ്ങി.
   ഇപ്പോള്‍ വിമാനം നിലം തൊട്ടിരിക്കുന്നു.എയര്‍ പോര്‍ട്ടിന്റെ ടെര്‍മിനല്‍ ഒരുവശത്തായി  കാണാം.ഒരു ചെറിയ വിമാനത്താവളത്തിന്റെ പ്രതീതിയാണ് അത് എന്നില്‍ ജനിപ്പിച്ചത്.വലിയ അക്ഷരങ്ങളില്‍ അന്താ രാഷ്ട്ര വിമാനത്താവളം എന്ന് എഴുതി വച്ചിട്ടുമുണ്ട്.ഇടുങ്ങിയ ലഗ്ഗേജ് ഏരിയയില്‍ നിന്നും ബാഗുകള്‍ എല്ലാം എടുത്തു ,പുറത്തേക്ക് നടന്നു.അതിനിടയില്‍ അറൈവല്‍   ഹാളിലെ ടൊയ്ലെട്ടിലുമൊന്നു  കയറി. ദയനീയം!നമ്മുടെ പഴയ പൊതു മൂത്രപ്പുരകളുടെ നിലവാരം പോലുമില്ലാത്ത സ്ഥലം ആണ് ഈ "അന്താരാഷ്‌ട്ര"വിമാനത്താവളത്തിലെ ടോയ്ലെറ്റ്മൂക്കുംപൊത്തി കയറി ഇറങ്ങുന്ന വിദേശികള്‍.  ആ ദുര്‍ഗന്ധ പൂരിതമായ അന്തരീക്ഷത്തില്‍ നിന്നും  പുറത്തു കടന്നു.പുറത്തു സാമാന്യം നല്ല ചൂട്,അതിനു അകമ്പടിയായി പൊടിയും.ആകെക്കൂടെ  പൊടി പൂരം!

വാരണാസി എയര്‍ പോര്‍ട്ട്‌ ,നഗരത്തില്‍  നിന്ന് ഏകദേശം 27 കി മി ദൂരെയായി,ബബത്പൂര്‍ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും ഏകദേശം ,മുക്കാല്‍ മണിക്കൂര്‍ യാത്രയുണ്ട്, നഗര ഹൃദയത്തിലേക്ക്.വളരെ പരിമിതമായ സൌകര്യങ്ങളുള്ള ഒരു ചെറിയ വിമാനത്താവളം ആണ് ബബത് പൂരിലേത്.സദാ സമയവും ഉറക്കം തൂങ്ങി നില്‍ക്കുന്ന ഒരു വിമാനത്താവളം. ജീവിതത്തില്‍ ഇതുപോലൊന്ന് ഇതിനു മുന്‍പ് കണ്ടിട്ടില്ല.എന്നാല്‍ ഇവിടെ നിന്ന് വിദേശരാജ്യങ്ങളിലേക്ക്സ്ഥിരമായിസര്‍വീസുകള്‍ഉണ്ട്.ബാങ്ങ്കോക്,ഫുജൈറ ,കാത്ത്മണ്ടു    
എന്നിവടങ്ങളിലെക്കെല്ലാം സര്‍വീസുകള്‍ ഉണ്ട്.പ്രധാനമായും വിദേശ സഞ്ചാരികളെ ഉദ്ദേശിച്ചുള്ളതാണ്  സര്‍വീസുകള്‍ അത്രയും. 


വാരണാസി വിമാനത്താവളം,ബാബ്ത്പുര്‍
                          പുറത്ത് , സുഹൃത്തിന്റെ പരിചയക്കാരന്‍ , രമേശ്‌   കാത്തു നില്‍പ്പുണ്ട്.പാലക്കാടുകാരന്‍ ആണ് രമേശ്‌.വാരാണസിയില്‍ വരുന്ന ബിസ്സിനെസ്സ്കാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവരില്‍ പ്രധാനിയാണ്‌ അദ്ദേഹം.15 വര്‍ഷങ്ങളായി ഇവിടെ തന്നെയാണു താമസം . തന്റെ കാര്‍ സര്‍വീസിനു കൊടുത്തതിനാല്‍ ഒരു പ്രൈവറ്റ് ടാക്സിയിലാണ് അദ്ദേഹം വന്നിരിക്കുന്നത്.ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം കാറില്‍ കയറി യാത്ര തുടങ്ങി.ഡ്രൈവര്‍ പാന്‍ പരാഗ് പോലുള്ള എന്തോ ഒരു സാധനം ചവക്കുന്നുണ്ട്.അതിന്റെ മണം കാറിനകത്ത്‌ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. സാമാന്യം നല്ല റോഡ്‌ ആണ് നഗരത്തിലെക്കുള്ളത് എന്ന് തോന്നി.എന്നാല്‍ ഒരു 10 കിമി കഴിഞ്ഞപ്പോള്‍ റോഡിന്‍റെ സ്വഭാവം മാറി.കുണ്ടും,കുഴിയും നിറഞ്ഞു ,തകര്‍ന്നു കിടക്കുന്ന റോഡ്‌.നമ്മുടെ നാട്ടിലെ റോഡുകളുമായി താരതമ്യം പോലും ചെയ്യാന്‍ പോലുമാകാത്ത വിധം ,പൊളിഞ്ഞ റോഡ്‌.നഗരത്തിലെക്കടുക്കുന്തോറും റോഡില്‍ അസാമാന്യമായ ജനത്തിരക്ക്.അതിനിടയിലൂടെ നടന്നും,ഓടിയും നീങ്ങുന്ന നാല്‍ക്കാലികളും .എല്ലാ വശങ്ങളിലൂടെയും കേറി വരുന്ന സൈക്കിള്‍ റിക്ഷകളും,ഓട്ടോ റിക്ഷകളും.സര്‍വ്വത്ര ട്രാഫിക് ബ്ലോക്ക്.ജങ്ങ്ഷനുകളില്‍ സിഗ്നലുകള്‍ ഉണ്ടെങ്കിലും,അത് നമ്മള്‍ക്കുള്ളതല്ല എന്ന മട്ടില്‍ സിഗ്നല്‍ അവഗണിച്ചു ,എല്ലാ ദിശകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍.  കെട്ടിടങ്ങളുടെ തണലില്‍ ,ഈ രംഗങ്ങളും വീക്ഷിച്ചു, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്ന  പോലീസുകാര്‍.

കുറച്ചു കഴിഞ്ഞപ്പോള്‍ വാഹനത്തിന്റെ എ സി തകരാറിലായി.അതോടെ സൈഡ് ഗ്ലാസുകള്‍ താഴ്ത്തപ്പെട്ടു.ഇപ്പോള്‍ സംഗതി കുശാല്‍.ഉച്ചഭാഷിണികളുടെ കാതടിപ്പിക്കുന്ന ശബ്ദം  ,നിര്‍ത്താതെ മുഴങ്ങുന്ന ഹോണുകള്‍ .നിര്‍ലോഭമായി പൊടി അകത്തേക്ക് കയറുന്നു.പക്ഷെ ഈ പൊടിക്ക് ഒരു വ്യത്യാസമുണ്ട്.ഇത് ചാണകം കൂടി കലര്‍ന്നതാണു.അത് കൊണ്ട് ഒരു വെജിടെറിയന്‍  ഫീലിംഗ്! വാഹനം നഗര മധ്യത്തില്‍ എത്തിച്ചേര്‍ന്നു.ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ,റോഡില്‍ ഒരു വലിയ പുരുഷാരം തടിച്ചു കൂടിയിരിക്കുന്നു.പതിനായിരക്കണക്കിനു ആളുകള്‍ ആണ് കൂടിയിരിക്കുന്നത്.ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനം നടക്കുകയാണ്.അതുകൊണ്ട് ഇനി വാഹനം മുന്നോട്ടില്ല.ഗതാഗതം തിരിച്ചു വിടാന്‍, പോലിസുമില്ല.ഡ്രൈവര്‍ ഹിന്ദിയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് വാഹനം ഒരു വിധത്തില്‍ ഒരു സൈഡ് റോഡിലേക്ക് കയറ്റി. 8 അടി വീതി   വരുന്ന  ആ ചെറിയ വഴിയിലൂടെ അസംഖ്യം സൈക്കിള്‍ റിക്ഷകളെയും,പുലഭ്യം പറഞ്ഞു ആക്രോശിക്കുന്ന  ആളുകളെയും പിന്നിലാക്കി വാഹനം  കുതിച്ചു. ശ്വാസം അടക്കിപ്പിടിച്ചു ഞാനതില്‍ ഇരിക്കുകയാണു.ഇതൊന്നും അറിയാതെ ,സുഹൃത്ത്‌ സുഖസുഷുപ്തിയിലാണ്.രമേശ്‌ നിര്‍വികാരനായി മുന്നിലും.ഒടുവില്‍ കാര്‍ വീണ്ടും പ്രധാന നിരത്തിലെത്തി.ഒരു വലിയ കോമ്പൌണ്ടിലേക്ക്  കാര്‍ ചെന്നു നിന്നു.സമാധാനം!!ഞങ്ങള്‍ താമസിക്കുവാന്‍ മുറി റിസര്‍വ് ചെയ്തിരിക്കുന്ന ഹോട്ടല്‍ ഡയമണ്ട് എത്തിയിരിക്കുന്നു.

ചെക്ക് ഇന്‍ ചെയ്ത് ,മുറിക്കകത്ത് പ്രവേശിച്ചു.സാമാന്യം നല്ല മുറിയാണ്.വൃത്തിയുള്ള ടോയ്ലെട്ടും.2മണി ആണ് ഇപ്പോള്‍ സമയം .ചെറിയ ഒരു വിശ്രമത്തിന് ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങി. രമേശനുമൊന്നിച്ചു ,ബിസ്സിനസ്സ് കാര്യങ്ങള്‍ക്കായി, സുഹൃത്ത്, ഗോള്‍ഫ് കോഴ്സിനു സമീപത്തു, മീറ്റിങ്ങിനു പോയി.ആ സമയം ഒരു വിശദമായ കറക്കമാകാം എന്ന് തീരുമാനിച്ചു ഞാന്‍ പ്രധാന നിരത്തിലേക്കിറങ്ങി.ഗംഗ കാണുക എന്നുള്ളത് എന്റെ വളരെ നാളുകളായുള്ള ആഗ്രഹമാണ്.വായിച്ചും,കേട്ടും മാത്രം അറിവുള്ള ഗംഗ ഇതാ കണ്ണെത്തും ദൂരത്ത്‌ .ഒരു ഓട്ടോ പിടിച്ചു , സ്നാന ഘട്ടിലേക്ക് എന്ന് അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ 
  പറഞ്ഞൊപ്പിച്ചു.. ഓട്ടോ, ഏതോ ഗലികളില്‍ കൂടിയെല്ലാം കയറിയിറങ്ങി.ഒരു ഓട്ടോ പോകാന്‍ മാത്രം തക്കതായ  വീതിയുള്ള  ചെറിയ ഇടവഴികള്‍ ആണ് എവിടെയും.അതില്‍ മനുഷ്യരും,മൃഗങ്ങളും എല്ലാം ഒരുമിച്ചാണ്.




നഗരത്തിലെ ഗള്ളികള്‍
 അവസാനം,ഓട്ടോ റിക്ഷ  നിന്നു.ഡ്രൈവര്‍ പുറത്തിറങ്ങി കൈ ചൂണ്ടി എന്തോ പറയുന്നു.കാശും കൊടുത്തു അവിടേക്ക് വച്ചടിച്ചു.ഒരു കാര്യം പറയട്ടെ,മുന്‍‌കൂര്‍ നിരക്ക് പറഞ്ഞുറപ്പിച്ചാല്‍,വളരെ നന്നായി പെരുമാറുന്ന ഓട്ടോക്കാരെയാണ്  എനിക്കിവിടെ കാണാന്‍ കഴിഞ്ഞത്.നാളെ ഉച്ചക്കുള്ള വിമാനത്തില്‍ ദില്ലിക്ക് മടങ്ങണം.സമയം  ഒന്നിനും തികയുന്നില്ല.അതിനാല്‍ ധൃതി പിടിച്ചു വലിഞ്ഞു നടന്നു.

ഓട്ടോ ഡ്രൈവര്‍ കാണിച്ചു തന്നത് ഒരു ഘട്ടിലെക്കുള്ള വഴി ആയിരുന്നു.50 അടി നടന്നപ്പോള്‍ കെട്ടിടങ്ങളുടെ ഇടയിലൂടെ ഗംഗ കാണാറായി.മനസ്സ് സന്തോഷം കൊണ്ട് തുളുമ്പുന്നു.ദ്രുതഗതിയില്‍  പടികളിറങ്ങി ഞാന്‍ താഴെയെത്തി.നിറഞ്ഞ മനസ്സോടെ ,ഗംഗാ നദി കണ്‍കുളിര്‍ക്കെകണ്ടു.  മഴക്കാലം അല്ലാത്തതുകൊണ്ട് ഗംഗയില്‍ നിറയെ വെള്ളമില്ല.പാതിക്കപ്പുറം  മണല്പ്പുറമാണ്.നദിയിലൂടെ വള്ളങ്ങള്‍ ഒഴുകി നീങ്ങുന്നു.

ഗംഗാ നദി
അങ്ങകലെ ,ഒരു വലിയ പാലത്തിന്റെ ,വളരെ അവ്യക്തമായ ,നേര്‍ത്ത ചിത്രം.ഗംഗയില്‍ ഇറങ്ങി ,കയ്യും മുഖവും കഴുകി.നോക്കെത്താ ദൂരത്തോളം നീണ്ടു ഒഴുകുന്ന  ഗംഗ.ഇടതുവശതെല്ലാം അനേകം സ്നാന ഘട്ടുകള്‍.100 ഓളം ഘട്ടുകള്‍ ഉണ്ടെന്നു അവിടെ കണ്ട ഒരു പുരോഹിതന്‍ പറഞ്ഞു.










ഗംഗയിലെ ഘട്ടുകള്‍
ഏറ്റവും പ്രധാനമായത് ദശാശ്വമേധാ ഘട്ടാണ്.ഈ ഘട്ടിലെക്കുള്ള ചെറിയ വഴിയില്‍ ആണ് വിശ്വപ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം.  ഒന്ന്ചുറ്റിക്കറങ്ങി,ഏറ്റവുംകൂടുതല്‍ശവസംസ്കാരം 
 നടക്കുന്നമണികര്‍ണ ഘട്ടും സന്ദര്‍ശിച്ചപ്പോഴേക്കും വൈകുന്നേരമായി..
ഒരു സാ‍രീ വില്‍പ്പന കേന്ദ്രം

ഇനി പട്ടണം ഒന്ന് കറങ്ങി കാണണം.ബനാറസ് സാരീ വില്‍ക്കുന്ന കടകളിലും ഒരു ചെറിയ ഷോപ്പിംഗ്‌ നടത്തണമെന്നുണ്ട്.സുഹൃത്ത്‌ ബിസ്സിനസ്സ് മീറ്റിംഗ് കഴിഞ്ഞു തിരികെയെത്തി കൂടെ ചേര്‍ന്നു.യാത്രയുടെ ലക്‌ഷ്യം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ആള്‍.പരിമിതമായ സമയം മൂലം കാശി ക്ഷേത്രവും,  വിശ്വ പ്രസിദ്ധമായ ബനാറസ്‌ ഹിന്ദു സര്‍വകലാശാലയും നാളെ ഉച്ചക്ക് മുന്‍പ് സന്ദര്‍ശിക്കാമെന്ന് തീരുമാനിച്ചു.അപ്പോഴെക്കും,ഘട്ടുകളില്‍ ,നിത്യവും നടക്കുന്ന ചടങ്ങുകളുടെ ഭാഗമായ ആരതി തുടങ്ങിയിരുന്നു.ദീപങ്ങളുമായി,നര്‍ത്തകര്‍   താളത്തിനൊപ്പം,ചുവടു വയ്ക്കുന്നു.മനോഹരമായ ഈ കാഴ്ച കാണുവാനായി,വിദേശികളടക്കം ,ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ട്‌.


സിറ്റിയിലെക്കിറങ്ങി.  എങ്ങോടെന്നില്ലാതെ ഒഴുകുന്ന ജനക്കൂട്ടം.വീതി കുറഞ്ഞ തെരുവുകള്‍.ശരീരത്തോട് മുട്ടിയുരുമ്മി പോകുന്ന സൈക്കിള്‍ റിക്ഷകളും ഓട്ടോകളും.അതിനിടയിലൂടെ നാല്‍ക്കാലികളും.കുറെ സാരീ ഷോപ്പുകളില്‍ കയറിയിറങ്ങി,അത്യാവശ്യം സാധനങ്ങള്‍ വാങ്ങി.അപ്പോഴാണ്‌ സുഹൃത്തിനു ഒരു സൈക്കിള്‍ റിക്ഷ സവാരി നടത്താന്‍ മോഹം.





നഗരത്തിലെ തെരുവ്


മുന്‍‌കൂര്‍ തുക പറഞ്ഞുറപ്പിച്ചു,ഒന്നിലേക്ക് കയറി.ഇതിനു ബ്രെയിക്ക് ആവശ്യമില്ല എന്ന് പെട്ടെന്നാണ് മനസ്സിലായത്‌.മുന്‍പില്‍ പോകുന്ന റിക്ഷയുടെ പുറകില്‍ ചെന്നിടിച്ചാണ് ഇത് നിര്‍ത്തുന്നത്.പുറകെ വരുന്നവരും അതുപോലെ തന്നെ.2 കി മി യാത്ര കഴിഞ്ഞപ്പോള്‍ നടുവ് ഒരു പരുവമായി.160 കിലോ ഭാരവും വഹിച്ചു ,ഇടിച്ചും ഇടിക്കപ്പെട്ടും ,ഞങ്ങളുടെ ,മെലിഞ്ഞു ഉയരം കൂടിയ പാവംറിക്ഷക്കാരന്‍, ഒരു വിധത്തില്‍  ഞങ്ങളെ ഹോട്ടലില്‍ എത്തിച്ചു.വണ്ടിക്കൂലിയുടെ കൂടെ കുറച്ചു തുക അധികം ചേര്‍ത്ത് കൊടുത്തു ,അയാളെ സന്തോഷ സമേതം യാത്രയാക്കി.ലളിതമായ രാത്രി ഭക്ഷണത്തിന് ശേഷം ,ഉറങ്ങുവാന്‍ കിടന്നു.പകല്‍ നേരത്തെ അധ്വാനത്തിന്റെ ക്ഷീണം കാരണം കിടന്ന പാടെ ഉറങ്ങി.
പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നു,നേരെ ഗംഗയിലെക്കുള്ള ഗള്ളിയിലൂടെ നടന്നു.ഒപ്പം സുഹൃത്തും.നേരം പുലര്‍ന്നു വരുന്നതേയുള്ളൂ.രാവിലെ തന്നെ തിരക്ക് തുടങ്ങിയിരിക്കുന്നു.വീതി കുറഞ്ഞ വഴിയിലൂടെ തിങ്ങി നിറഞ്ഞു നീങ്ങുന്ന ജനക്കൂട്ടം.അതിനിടയിലൂടെ ഞങ്ങള്‍ കുളിക്കടവിലെത്തി,ഗംഗയില്‍ നന്നായൊന്നു മുങ്ങി,തിരികെക്കയറി.അവാച്യമായ  ഒരു അനുഭൂതി തന്നെ,അത്.പറഞ്ഞറിയിക്കാനവാത്ത ഒരു ഉന്മേഷം,മനസ്സിനും ശരീരത്തിനും.
ഇപ്പോള്‍ ഞങ്ങള്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ,ഇടുങ്ങിയ വഴിയിലാണ്.ശ്വാസം മുട്ടിക്കുന്ന ജനത്തിരക്ക്.ഒരു മുഴത്തിനു പത്തു പോലീസ്കാര്‍ വീതമുണ്ട്. മൊബൈലും ക്യാമറയും അനുവദനീയമല്ല എന്ന് രമേശ്‌ നേരത്തെ അറിയിച്ചിരുന്നതുകൊണ്ടു,അവ സമീപത്തുള്ള കേരള കഫെയില്‍ ഏല്‍പ്പിച്ചിരുന്നു.



വഴിയുടെ ഇരു വശത്തും കടകള്‍ ആണ്.ഗംഗ ജലവും,കുങ്കുമവും,വിഗ്രഹങ്ങളും,ചെറിയ ചെപ്പുകളും തുടങ്ങി ഒട്ടനനവധി സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍.അവിടെ കൂടി നിന്നു മാര്‍ഗ തടസ്സമുണ്ടാക്കുന്ന ആളുകളും,കടക്കാരും.ഇപ്പോള്‍ ഒരു ക്യൂ രൂപാന്തരപ്പെട്ടിട്ടുണ്ട്.ഞങ്ങളും ആ ക്യൂവില്‍ നിന്നു.,എല്ലാവരെയും വിശദമായി പരിശോധിക്കുന്ന പോലീസുകാര്‍.കൂടെ വനിതാ പോലീസും.ശിവ ലിംഗത്തില്‍ അഭിഷേകം ചെയ്യുന്നതിനുള്ള പാല് വില്ക്കുന്ന കടക്കാര്‍ കൈ കാണിച്ചു വിളിക്കുന്നു.ഞങ്ങള്‍ ഓരോ ചെറിയ പാത്രം പാല് വാങ്ങി.ക്യൂ ക്ഷേത്രത്തിനു സമീപത്തെത്തിയിട്ടുണ്ട്.ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു.അതാ വലതു ഭാഗത്തായി,ശിവലിംഗം.സാക്ഷാല്‍ കാശി വിശ്വനാഥ ശിവ ലിംഗം.സമീപത്തു പൂജാരി ഉണ്ടെങ്കിലും ,നമ്മള്‍ക്ക് തന്നെ അഭിഷേകം നടത്താം. തൊട്ടു തൊഴുകുകയുമാവാം.പാല്‍ അഭിഷേകം നടത്തി ,തൊട്ടു തൊഴുതു, പൂജാരിയില്‍ നിന്നും പ്രസാദം വാങ്ങി ഞങ്ങള്‍ പുറത്ത് കടന്നു.കനത്ത സെക്യൂരിട്ടിയാണെങ്ങും.പലരുടെയും മൊബൈലും ക്യാമറയും ,പോലീസുകാര്‍ ദേഹപരിശോധന നടത്തി പിടി കൂടുന്നത് കണ്ടു.ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് അവ  തിരികെ നല്‍കുന്നുമുണ്ട്തിരികെ വരുന്നവരെ പിടികൂടാനായി, കടക്കാരും, ധാരാളമായുണ്ട്.ഞങ്ങള്‍ ഒരുവിധത്തില്‍ ആ പാതയിലൂടെ പുറത്തിറങ്ങി.കേരള കഫെയില്‍ നിന്നും നല്ല ഇഡലിയും കഴിച്ചു,ക്യാമറയുമെടുത്ത് ഒന്ന് കൂടി ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് നടന്നു.



വിശ്വനാഥ ക്ഷേത്രത്തിലെക്കുള്ള റോഡ്


അകത്തുള്ള പോലീസ് ചെക്ക്‌ പോസ്റ്റ്‌ വരെ ക്യാമറ ഉപയോഗിക്കുവാന്‍ കുഴപ്പമില്ല.അതിനാല്‍ അതുവരെ കുറച്ചു ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിച്ചു.അവസാനം പ്രവേശന കവാടത്തിന്റെ ചിത്രം കൂടി എടുത്തുകളയാം എന്ന് കരുതി ,ക്യാമറ എടുത്തപ്പോഴേക്കും  കാവല്‍ക്കാരന്‍ ഓടിയെത്തി തടഞ്ഞു.



ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം
                              സമയം എട്ടരയായി,ഇനി ക്ഷണത്തില്‍ ബനാറസ് സര്‍വകലാശാല കൂടി ഒന്ന് ചുറ്റിക്കറങ്ങണം.ഒരു ഓട്ടോക്കാരന്‍ അടുത്തു കൂടിയിട്ടുണ്ട്.സര്‍വ കലാശാല ഒന്ന് ചുറ്റിക്കാണിക്കുവാന്‍ മുന്‍‌കൂര്‍ തുക പറഞ്ഞുറപ്പിച്ചു,ഓട്ടോയില്‍ കയറി.അര മണിക്കൂര്‍ നേരത്തെ യാത്രയാണ്,അവിടം വരെ. ബസ്‌ സ്റ്റാന്റ് പരിസരമെത്തിയപ്പോള്‍ നല്ല ട്രാഫിക് ബ്ലോക്ക്‌.അതില്‍ നിന്നും ഒരു പ്രകാരം രക്ഷപെട്ടു,വീണ്ടും മുന്നോട്ടു. തലയുയര്‍ത്തിപ്പിടിച്ചു ,നില്‍ക്കുന്ന കമനീയമായ  പ്രവേശന കവാടം കണ്മുന്നില്‍. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ 1916-ല്‍ സ്ഥാപിച്ച,ഈ സര്‍വ്വകലാശാല,ഇന്നു ലോകത്തിലെ തന്നെ മുന്‍ നിര സര്‍വ്വകലാശാലകളിലൊന്നാണു.



ബനാറസ് സര്‍വ്വകലാശാലയുടെ കവാടം

  കവാടത്തിലൂടെ അകത്തു കടന്നു.വിദ്യാര്‍ഥികളും ,അല്ലാത്തവരുമായ നൂറു കണക്കിനാളുകള്‍ ,വിശാലമായ റോഡിലൂടെ അകത്തേക്ക് പോകുന്നത് കാണാം.കൂടുതല്‍ പേരും സര്‍വ കലാശാലയുടെ ഭാഗമായിട്ടുള്ള,മെഡിക്കല്‍ കോളേജിലേക്കുള്ള   രോഗികളും മറ്റു സന്ദര്‍ശകരുമാണ്.


അവിടം പിന്നിട്ടു,ഓട്ടോ പിന്നെയും മുന്നോട്ടു നീങ്ങി.വിസ്തൃതമായ റോഡിനിരുവശവും,പൌരാണിക പ്രൌഢിയുള്ള കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.സര്‍വ കലാശാലയിലെ വിവിധ ഡിപ്പാട്ട്മെന്റുകളാണവ.അവക്കു  അലങ്കാരമായി,വന്‍ വൃക്ഷങ്ങളും,മറ്റു സസ്യ ജാലങ്ങളും.
             ഈ സര്‍വകലാശാലയ്ക്ക് രണ്ടു ക്യംപസ്സുകളാണുള്ളത്. പ്രധാന ക്യാമ്പസും,പിന്നെ  2006-ല്‍ സ്ഥാപിക്കപ്പെട്ട രാജീവ്‌ ഗാന്ധി ക്യാമ്പസും.2760  ഏക്കര്‍ വിസ്തൃതിയിലാണ്,ഈ പുതിയ ക്യാമ്പസ്‌.എഞ്ചിനീയറിംഗ്,മെഡിക്കല്‍,അഗ്രിക്കള്‍ച്ചര്‍ എന്നീ ഇന്‍സ്ട്ടിട്യൂട്ടുകള്‍ കൂടാതെ ,140  ഡിപ്പാട്ട്മെന്റുകളും പ്രധാന ക്യാമ്പസില്‍  പ്രവര്‍ത്തിക്കുന്നു.




സിവില്‍  എഞ്ചിനീയറിംഗ് വിഭാഗം

   34 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ,ഏകദേശം 20000ത്തോളം പേര്‍ ഇവിടെ പഠിക്കുന്നുണ്ടെന്നാണ്,കണക്ക്.60 ഹോസ്റ്റലുകളും ഇതിനകത്തുണ്ട്.കൂടാതെ ഹെലിപാഡ്,എയര്‍ സ്ട്രിപ്,ബാങ്കുകള്‍ ,കാന്റീന്‍ ,തുടങ്ങി എല്ലാ വിധ സൌകര്യങ്ങളും ഇതിനകത്ത് ലഭ്യമാണ്.പ്രധാന  മന്ദിരങ്ങള്‍ എല്ലാം കണ്ടു,ഞങ്ങള്‍ പുറത്തിറങ്ങി.സമയം12മണിയോടടുക്കുന്നു.ഞങ്ങള്‍ക്ക് ,പുറപ്പെടാനുള്ള   സമയമായിതുടങ്ങി..ഹോട്ടലില്‍ മടങ്ങിയെത്തി,സാധനസാമഗ്രികളെല്ലാമെടുത്ത്,രമേശനോടൊപ്പം,എയര്‍ പോര്‍ട്ടിലേക്ക്  പുറപ്പെട്ടു.
ഇത്തവണ,കാര്യമായ തടസ്സങ്ങളില്ലാതെ,ബബത് പൂരിലെത്തി.രമേശനോടു,യാത്രയും,നന്ദിയും പറഞ്ഞു അകത്തു പ്രവേശിച്ചു.വിമാനത്താവളത്തില്‍,നിറയെ വിദേശ സഞ്ചാരികള്‍ ആണ്..ദില്ലി വഴി,വൈകുന്നേരമുള്ള വിമാനത്തില്‍,കൊച്ചിക്ക്‌ മടങ്ങാനാണ് പരിപാടി.കൂട്ടുകാരന്‍,ചെറു മയക്കത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു.ഇനി പുതിയൊരു യാത്രക്കുള്ള സ്വപ്നങ്ങളുമായി,ദില്ലിയിലേക്കുള്ള ,കിംഗ്‌ ഫിഷര്‍ വിമാനവും കാത്തു ഞാനിരുന്നു.
(ഇതിലുള്ള ചില ചിത്രങ്ങള്‍ക്കു ഗൂഗിളിനോടു കടപ്പാട് )