മലേഷ്യയുടെ ഭാഗമായ ലങ്കാവി ദ്വീപുകളിലേക്കുള്ള സഞ്ചാരത്തിന് പദ്ധതി നേരത്തെ തന്നെ തയ്യാറാക്കിയിരുന്നെങ്കിലും,അടുത്തയിടെ മാത്രമാണു അങ്ങോടുള്ള യാത്ര തരപ്പെട്ടത്.
കുലാലംപൂരില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ വിമാന യാത്രക്ക് ശേഷമാണ് ,ഞാനടങ്ങിയ സുഹൃദ്സംഘം ലങ്കാവിയിലെത്തിയതു.ചിലവു കുറഞ്ഞ വിമാന കമ്പനിയായ എയര്‍ ഏഷ്യയിലായിരുന്നു, യാത്ര.ലങ്കാവി എത്താറാകുമ്പോഴേക്കും,താഴെ ഹരിതഭംഗിയാര്‍ന്ന മലനിരകളും,അതിനോട് ചേര്‍ന്നു കിടക്കുന്ന മനോഹരമായ ബീച്ചുകളും കണ്ടു തുടങ്ങി.കടലിനു നടുവിലൂടെയുള്ള നീളമേറിയ ഒരു പാലവും വിമാനത്തില്‍ നിന്നു കാണാം.
ലങ്കാവി വിമാനത്താവളം
ഒരു ചെറിയ, അന്താരാഷ്ട്ര വിമാനത്താവളമാണു, ലങ്കാവി.ഉച്ചക്കു,1.30 മണിയോടെയാണ് ഞങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നതു.വിമാനത്താവളത്തില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഒന്നുമില്ല.ടാര്‍ മാര്‍ക്കില്‍ നിന്നു ഫോട്ടോ എടുക്കുക വരെയാകാം.മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലം കൂടിയായപ്പോള്‍, ഫോട്ടോഗ്രാഫി മത്സരം തന്നെ അവിടെ അരങ്ങേറി.ലങ്കാവി വിമാനത്താവളം
വിശാലമായ അറൈവല്‍ ഹോളില്‍ , ടൂര്‍ ഓപറേറ്റര്‍മാരുടെ പരസ്യങ്ങള്‍ കാണാം.ചെറിയ ഗ്രൂപ്പുകള്‍ക്കെല്ലാം സൌകര്യം റെന്റ് എ കാറുകള്‍ ആണു.അതിന്റെ ദിവസവാടകഎഴുതിയ ബോര്‍ഡുകളും ഉണ്ട്.അകത്തു നിരനിരയായി,സൂവനീര്‍ ഷോപ്പുകള്‍.എല്ലാ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണെന്നു മാത്രം.വലിയ തിരക്കൊന്നുമില്ലാത്തതിനാല്‍ ബാഗ്ഗേജുകളൊക്കെ വേഗം ലഭിച്ചു.വന്നിറങ്ങിയവരില്‍,യൂറോപ്യന്‍ സഞ്ചാരികള്‍ ആണു ഏറെയും.
വിമാനത്താവളം അറൈവല്‍ ഹോള്‍
ലങ്കാവി ഭൂപടം
വിമാനത്താവളത്തിലെ കാഴ്ചകള്‍
ലങ്കാവിയിലെ ടൂര്‍ കോര്‍ഡിനേറ്റര്‍ അഹമ്മെദ് ഞങ്ങളേയും പ്രതീക്ഷിച്ചു നില്ക്കുന്നു.അള്‍ജീരിയക്കാരനായ ഗൈഡ് അഹമ്മെദിന്റെ കൂടെ പുറത്തിറങ്ങി.അള്‍ജീരിയയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ അയാള്‍ക്കു അത്ഭുതം!കേരളീയരുടെ രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ച് ,ഹര്‍ത്താല്‍ -ബന്ദ് വികസന സംസ്കാരത്തെക്കുറിച്ച് പാവം അഹമ്മെദിനെന്തറിയാം!വിവാദങ്ങളുടെ സൃഷ്ട്ടാക്കള്‍ ആയ രാഷ്ട്രീയ-ചാനല്‍ കൂട്ടുകെട്ടിനെക്കുറിച്ചെന്തറിയാം?
നല്ല വൃത്തിയും,വെടിപ്പുമുള്ള റോഡുകള്‍.പോകുന്ന വഴിയിലെല്ലാം,കേരളീയ കാഴ്ചകള്‍ തന്നെ.തെങ്ങും,കശുമാവും,നെല്‍ വയലും,നമ്മുടെ നാട്ടിലെ വട്ട എന്ന പാഴ് മരവുമെല്ലാം എവിടെയും കാണാം.തേക്കും നന്നായി വളര്‍ന്നു നില്ക്കുന്നു.ലങ്കാവി വഴിയോര കാഴ്ചകള്‍
കൌതുകകരമായ മറ്റൊരു കാര്യം പൊകുന്ന വഴി നിറയെ റിസോര്‍ട്ടുകള്‍ ആണെന്നുള്ളതാണു.വീടുകളേക്കാള്‍ കൂടുതല്‍ റിസോര്ട്ടുകളാണിവിടെ എന്നു തോന്നുന്നു.എന്നാല്‍ ഹൈ റൈസ് ബില്‍ഡിംഗുകള്‍ വളരെ കുറവാണു.ഒറ്റ നിലയില്‍, മനോഹരമായി പണിത് ,കടലിനോടു ചേര്ന്നുകിടക്കുന്നവയാണധികവും.ഏതു ബഡ് ജറ്റിനുമിണങ്ങുന്ന,അനവധി റിസോര്‍ട്ടുകള്‍ ലങ്കാവിയിലുണ്ട്.
മറ്റേതൊരു നാടിനേയുമ്പോലെ,ലങ്കാവിയുടെ ചരിത്രവും,ഐതിഹ്യങ്ങളുമായി കെട്ട്പിണഞ്ഞ് കിടക്കുന്നു.ഇവിടെ വന്നിറങ്ങുന്ന ഏതൊരു സഞ്ചാരിയും ആദ്യം കേള്‍ക്കുന്നത്,മസൂരി എന്നൊരു വനിതയുടെ കഥയാണു.എ ഡി 1819ഇല് ജീവിച്ചിരുന്ന ഒരു വീട്ടമ്മയായ മസൂരി എന്ന നിരപരാധിയായ സ്ത്രീയെ,അവിഹിത ബന്ധം ആരോപിചു വധിച്ചുവെന്നും,അതിനെ തുടര്‍ന്നു അടുത്ത ഏഴു തലമുറയ്ക്കു, ലങ്കാവിയില്‍ ,ശാന്തിയും സമാധാനവും ശ്രേയസ്സും ഉണ്ടാകില്ല എന്ന് അവര്‍ ശപിച്ചു എന്നും ആണു ഐതിഹ്യം.വാസ്തവം എന്തായാലും ഇരുപതാം നൂറ്റാണ്ടിനു ശേഷമാണു ഇവിടെ ശാന്തിയും,സമാധാനവും കൈവന്നതെന്നു നാട്ടുകാര്‍ പറയുന്നു.
ലങ്കാവി റിസോര്‍ട്ടുകള്‍
പന്റൈ സെനാങ് ടൌണ്‍ കഴിഞ്ഞുള്ള അവാന ഹോട്ടലിലാണു ഞങ്ങളുടെ താമസം അറേഞ്ജ് ചെയ്തിട്ടുള്ളത്.ഒരു മല കയറി ഇറങ്ങിയപ്പോഴേക്കും ഹോട്ടലെത്തി.വിശപ്പ് ക്രമാതീതമായതിനാല്‍ ,എല്ലാവരുടേയും ഭാവം ക്ഷീണത്തില്‍ നിന്നും ക്രോധത്തിലേക്ക് മാറിക്കഴിഞ്ഞു.എന്നാല്‍ വിശാലമായ ഹോട്ടലും ,പരിസരവും,പിന് വശത്തുള്ള മനോഹരമായ കടലും മലയും എല്ലാം കണ്ടപ്പോള്‍ എല്ലാവരും ഉന്മേഷഭരിതരായി.സ്വാദിഷ്ട്ട മലേഷ്യന്‍ ഭക്ഷണമായ ഒരു നാസി ലെമാകും (തേങ്ങാപ്പാല്ചോറും,ചെറിയ മത്സ്യവും,കൊഞ്ചും ചേര്‍ന്നുള്ള ഒരു ആഹാരം),അതിന്റെ കൂടെ വാന്‍-ടാന്‍ സൂപ്പും ആയപ്പോള്‍, സംഘം വീണ്ടും ലൈവ് ആയി.ലങ്കാവി അവാന ഹോട്ടല്‍
ഭക്ഷണ ശേഷം,ക്രൂയിസ് ബോട്ടില്‍ കടല്‍ സവാരിക്കിറങ്ങി.തിരകള്‍ വളരെ കുറവായ,ശാന്തമായ ഉള്ക്കടലാണിവിടെ.കാറ്റും കൊണ്ടുള്ള യാത്ര വളരെ ആസ്വാദകരം തന്നെ.ഹോട്ടലിന്റെ ബോട്ടിംഗ് യാര്‍ഡ്
ഹോട്ടലിന്റെ പിന്പുറ കാഴ്ചകള്‍
പിങ്ക് ഡോള്‍ഫിനുകളെ കാണാനാകും എന്നു ബോട്ടുകാര് പറഞ്ഞെങ്കിലും,ഞങ്ങളുടെ ഭാഗ്യ ദോഷം കൊണ്ടോ എന്തോ, ഒന്നിനേയും കാണുവാന്‍ സാധിച്ചില്ല.തിരികെ ഹോട്ടലിലെത്തി,ടൌണിലേക്കു വീണ്ടും പുറപ്പെട്ടു.നിര നിരയായി കടകള്‍ റോഡിനിരുവശത്തും.കുലാലമ്പൂരിനെ അപേക്ഷിച്ച് നല്ല വിലക്കുറവാണിവിടെ.കടകളിലെല്ലാം നല്ല തിരക്കുണ്ട്.പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ കടകളില്‍ നിന്നും കൈ നിറയെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു.ലങ്കാവി ഡ്യൂട്ടി ഫ്രീ ഷോപ്
കൂടാതെ, വളരെ കുറഞ്ഞ വിലയില്‍ ചോക്കളേറ്റുകളും,സ്കോച്ച് വിസ്കിയും മറ്റും ലഭിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പും ഇവിടെയുണ്ട്.ലോകത്തിലെ മുന്തിയ ബ്രാന്റുകളുടെ ചോക്കളേറ്റുകളും,മദ്യക്കുപ്പികളും എല്ലാം ഭംഗിയായി നിരത്തി വച്ചിരിക്കുന്നു.അതോടൊപ്പം,ഫോട്ടോഗ്രാഫി നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകളും ഭംഗിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആ വിലക്കുറവു,കുട്ടികളും,മുതിര്‍ന്നവരുമെല്ലാം മുതലെടുത്തു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇതിനോടു ചേര്‍ന്നാണു ലങ്കാവി അണ്ടര്‍വാട്ടര്‍ വേള്‍ഡ്.ഇതു, നാളെ സന്ദര്‍ശിക്കാനാണു പദ്ധതി.പിന്നീട് രാത്രികാല മാര്‍ക്കറ്റായ തെമോയോങ് പസര്‍ മാലം കാണുവാനായി പുറപ്പെട്ടു.ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വില്‍ക്കുന്ന ഇവിടെ,വസ്ത്രങ്ങള്‍,വിലകുറഞ്ഞ ഇലക്ട്രോണിക്സ് സാമഗ്രികള്‍,ഭകഷണസാധനങ്ങള്‍,പഴങ്ങള്‍ തുടങ്ങിയവ വിലപേശി വാങ്ങാം.കൂടുതലും സ്വദേശികളായ മലയാക്കാരെയാണു എനിക്കവിടെ കാണാന്‍ കഴിഞ്ഞതു. ചെറിയ ഷോപ്പിങ്ങിനു ശേഷം,റ്റാജ് എന്ന ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും നല്ലൊരു അത്താഴവും അകത്താക്കിയപ്പോഴേക്കും സമയം പാതിരാവായി. ഹോട്ടലില്‍ മടങ്ങിയെത്തി.അടുത്ത ദിവസം രാവിലെ മുതല്‍ തന്നെ തിരക്കു പിടിച്ച പരിപാടികള്‍ ആണു ആസൂത്രണം ചെയ്തിരിക്കുന്നതു.അണ്ടര്‍ വാട്ടര്‍ വേള്‍ഡ്,ഓറിയന്റല്‍ വില്ലേജ്,കേബിള്‍ കാര്‍ യാത്ര,മാന്‍ ഗ്രോവ് ഫോറസ്റ്റ് .....ഇവയെല്ലാം ലിസ്റ്റിലുണ്ട്.ക്യാമറ ബാറ്ററി, ചാര്‍ജ് ചെയ്യാനിട്ട്, ഈ ദിവസത്തെ കാഴ്ചകളുടെ ചെറുകുറിപ്പുകളിലൂടെ ഞാന്‍ കണ്ണോടിച്ചു.
തുടരും
11 comments:
ഒരു യാത്രാ വിവരണം കൂടി.ഒരു ഭാഗം കൂടി ബ്ലോഗ് സുഹൃത്തുക്കള്‍ സഹിക്കേണ്ടി വന്നേക്കും.
സംഭവം സഹിക്കാന്‍ കൊള്ളാവുന്നത് തന്നെ...ലങ്കാവി കണ്ട പോലുണ്ട്..
വളരെ നന്നായി!
മനോഹരം-ചിത്രങ്ങളും,വിവരണവും
പച്ച അക്ഷരം വായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു മാഷേ...പിന്നെ ചിത്രങ്ങളും വിവരണങ്ങളും ഇഷ്ടായി..അടുത്തതിനായി കാത്തിരിക്കുന്നു
നന്നായിരിക്കുന്നു വിവരണം.. ലങ്കാവി യാത്രയെക്കുറിച്ച് ഞാനും കുറച്ചു പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇവിടെ
ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
വരയും വരിയും : സിബു നൂറനാട്:നന്ദി സാബു
ramanika :സന്തോഷം,സര്
jyo :സ്ഥിരമായി കാണുന്നതില്‍ സന്തോഷം,ജ്യോ
മാത്തൂരാന് :എന്തൊക്കെയോ ഫോണ്ട് പ്രോബ്ലംസ് ഉണ്ട്.പച്ച കറുപ്പാക്കിയിട്ടുണ്ട്.
മി | Mi :നല്ല തകര്‍പ്പന്‍ പോസ്റ്റ് ആയിരുന്നല്ലോ.lgk പോകുന്നതിന് മുന്‍പ് തന്നെ വായിച്ചിരുന്നു.പക്ഷെ ഞങ്ങള്‍ക്ക് 2 ദിവസം ആണ് ഉണ്ടായിരുന്നത്.അതുകൊണ്ട് ഒരു ഓട്ടപ്രദിക്ഷണം നടത്താനെ സാധിച്ചുള്ളൂ.എന്തേ വീണ്ടുമൊന്നും എഴുതിക്കണ്ടില്ല?
ഏറെ കൊതിപ്പിക്കുന്ന നമ്മുടെ സ്വന്തം നാടാണെങ്കിലും, അവിടെയൊന്നും ഇതു വരെ പോകാൻ കഴിഞ്ഞില്ല.... വിവരണത്തിനും ചിത്രങ്ങളും നന്നായിരിക്കുന്നു...
ആശംസകൾ...
നല്ല പോസ്റ്റ്.
ഇന്നാണിത് വായിച്ചത്. നല്ല ഫോട്ടോസ്. യാത്രാവിവരണം പതിവുപോലെ കലക്കി. ലങ്കാവി കണ്ട പ്രതീതി.
Post a Comment