Friday, June 11, 2010

ഇടുക്കി ജില്ല-കീഴാന്തൂര്‍ ഗ്രാമക്കാഴ്ചകള്‍


  കീഴാന്തൂര്‍ ലക്ഷ്യമാക്കിയായിരുന്നു ഇത്തവണത്തെ യാത്ര.  ഇടുക്കി ജില്ലയില്‍ ,മൂന്നാറില്‍ നിന്നും 44   കിമി അകലെയാണ് മറയൂര്‍ എന്ന ചെറുപട്ടണം.മറയൂരും,സമീപ പ്രദേശമായ കാന്തല്ലൂരും ടൂറിസം ഭൂപടത്തില്‍ വളരെ മുന്‍പ് തന്നെ ഇടം  നേടിയി രുന്നുവെങ്കിലും, മറയൂരില്‍ നിന്നും 12   കിമി അകലെ, കാന്തല്ലൂര്‍ പോകുന്ന വഴിയില്‍ സ്ഥിതി ചെയ്യുന്ന കീഴാന്തൂര്‍ എന്ന ചെറു ഗ്രാമം അത്ര കണ്ടു ശ്രദ്ധിക്കപ്പെട്ടിട്ടില്ല.സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 3500  അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ ഒരു ഭൂ പ്രദേശമാണ് കീഴാന്തൂര്‍.നാലുവശവും മലനിരകളാല്‍ ചുറ്റപ്പെട്ട ഒരിടം.
കീഴാന്തൂര്‍ കാഴ്ചകള്‍


മൂന്നാറില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്‌താല്‍ കീഴാന്തൂരെത്താം. മൂന്നാറില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടത് രാവിലെ ഒന്‍പതു മണിയോടെയായിരുന്നു.ഈ റോഡില്‍, മൂന്നാര്‍ ഡീവൈഎസ്‌പി ഓഫീസ് കഴിഞ്ഞാല്‍ പിന്നെ പ്രകൃതി സുന്ദരമായ പ്രദേശങ്ങളാണ്.ചെറിയ ആര്‍ച് പാലം കടന്നാല്‍ വലതു വശത്ത് പെരിയവരൈ  ടീ ഫാക്ടറി .ഫ്രഷ്‌ ടീയുടെ നല്ല മണം.സഹയാത്രികന് ആ മണം അടിച്ചപ്പോഴേ ശര്‍ദ്ദി ക്കാനുള്ള ഒരു "ഇത്".എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനായ അദ്ദേഹം,ഒരു(ഗ്ലാസ്)   റഷ്യന്‍ ഓറഞ്ച് എടുത്തങ്ങു മണപ്പിച്ചു.ശുഭം എന്നൊരു കമന്റും പാസ്സാക്കി,ഉന്മേഷഭ രിതനായി.ആള്‍ മൂഡിലായിക്കഴിഞ്ഞു.(വടി വെട്ടിയിട്ടെ ഉള്ളൂ,അടി തുടങ്ങിയിട്ടില്ല എന്ന് പുള്ളിക്കാരന് അറിയില്ലല്ലോ,നമുക്കല്ലേ അറിയൂ.കാരണം, മൂന്നാര്‍-മറയൂര്‍ റോഡിലൂടെ പോയാല്‍ ഏതു ശര്‍ദ്ദിക്കാത്തവനും ശര്‍ദ്ദിക്കും.പൊടുന്നനെയുള്ള ചെറിയ ചെറിയ വളവുകളും,കാലാവസ്ഥ വ്യതിയാനവും ആണ് ഇതിനു ഹേതു.അധ്യാപകന്റെ കന്നി  മറയൂര്‍ യാത്രയുമാണ്!)രാജമലക്കു തിരിയുന്ന ജന്ഗ്ഷനും പിന്നിട്ട വാഹനം, മുന്നോട്ട് കുതിക്കാന്‍ കഴിയാതെ ബ്ലോക്കില്‍ കുരുങ്ങിക്കഴിഞ്ഞു.ഈയിടെയായി ഇവിടെ ഇത് പതിവാണ്,യാതൊരു നിയന്ത്രണവുമില്ലാതെ റോഡിനിരുവശവും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍.ചിലപ്പോള്‍ മണിക്കൂറുകളോളം കിടക്കേണ്ടി വരും.അതുകഴിഞ്ഞപ്പോഴേക്കും,കന്നിമല എസ്റ്റേറ്റ്‌ ആയി.ഇനി കുറയേറെ ദൂരം കയറ്റം മാത്രം.നയമക്കാട് എന്ന ചെറു ടാറ്റാ ഗ്രാമത്തിലൂടെ കാര്‍ വളഞ്ഞു,പുളഞ്ഞു കയറുന്നു. 
നയമക്കാട്
നയമക്കാട് ടോപ്‌.
ആനമുടി
നയമക്കാട് ടോപ്‌, ഈ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്,6000 അടി ഉയരം.നല്ല കാറ്റും ,ചുളു ചുളെ കുത്തുന്ന തണുപ്പും. മൂന്നാര്‍    ടൌണ്‍  5000 അടി ഉയരത്തില്‍  ആണല്ലോ. ഇതിനു താഴെയുള്ള s ആകൃതിയിലുള്ള  വളവു കുപ്രസിദ്ധമാണ്. എന്തിനെന്നോ?രാത്രി മിക്കവാറും ഇവിടെ ഒരു ഒറ്റയാന്‍ ഉണ്ടാവും.കനത്ത മൂടല്‍ മഞ്ഞും.വളരെ സൂക്ഷിച്ചു വേണം രാത്രി ഇത് വഴി വരാന്‍. !! രണ്ടു മൂന്നു തവണ ഞാന്‍ ഇവന്റെ മുന്നില്‍ പെട്ട് പോയിട്ടുണ്ട്.അപ്പോഴൊക്കെ ഒരുവിധം രക്ഷപെട്ടു തടി തപ്പി.   ഇനി  ഏതാണ്ട് മറയൂര്‍ വരെ ഇറക്കമാണ്.തലയാര്‍ എത്തുമ്പോഴേക്കും സഹയാത്രികന്‍ പണി തുടങ്ങി.(അഥവാ പണി കിട്ടി!)രാവിലത്തെ അപ്പം- മുട്ട,റഷ്യന്‍ ഓറഞ്ച് വെള്ളം ഇവയെല്ലാം പച്ചപ്പുല്ലില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.അവശനായി ആള്‍ ഉറക്കവും  പിടിച്ചു.തലയാര്‍,ചട്ട മൂന്നാര്‍ ചെക്ക്പോസ്റ്റ് ഇവ പിന്നിട്ടു കാര്‍ മറയൂരിന്റെ പ്രവേശന കവാടമായ പള്ളനാട് എത്തി.റോഡിന്‍റെ ഇരു വശത്തും കൂറ്റന്‍ ഈട്ടി  മരങ്ങള്‍.ചന്ദന മരങ്ങളും ഇവിടം മുതല്‍ കണ്ടു തുടങ്ങുന്നു.പണ്ടൊക്കെ ഈ വഴി വരുമ്പോള്‍ ചന്ദനമരത്തിന്റെ വേര് ചുരണ്ടി മണക്കുന്നതു പതിവായിരുന്നു.(ഇപ്പോള്‍ മണക്കാന്‍ പോയാല്‍ വിവരമറിയും!!).ചന്ദനം മണത്തിട്ടോ  ,അതോ ചന്ദനക്കാറ്റേറ്റിട്ടോ അതല്ല മറയൂര്‍ ചന്ദനയുടെ(!!) സാമീപ്യം മനസ്സിലാക്കിയിട്ടോ എന്തോ നമ്മുടെ അധ്യാപക സുഹൃത്ത്‌ ഉഷാറിലായി.മറയൂര്‍ ടൌ ണിനു മുന്‍പുള്ള   കാട്ടില്‍ കാട്ടുപോത്തുകള്‍ കൂട്ടമായി മേയുന്നു.ഇതിനോട് ചേര്‍ന്നു മനുഷ്യ വാസമുള്ള നിരവധി വീടുകള്‍ ഉണ്ട് എന്നതാണു രസകരം. കമ്പിവേലിക്കുള്ളില്‍ മാനുകളെയും കാണാം.


മറയൂര്‍ ഇപ്പോള്‍ സാമാന്യം ഭേദപ്പെട്ട ടൌണ്‍ ആയി മാറിയിട്ടുണ്ട്.നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും ഇവിടെ ഉണ്ട്.നല്ല നാടന്‍ പഴങ്ങള്‍ ലഭിക്കുന്ന ചെറു കടകള്‍  നിരവധിയുണ്ട്.നാട്ടില്‍ അധികമില്ലാത്ത, നല്ല മധുരമുള്ള    നാടന്‍  പാഷന്‍ ഫ്രൂട്ട്  2 കിലോ വാങ്ങി.വിഖ്യാതമായ മറയൂര്‍ ശര്‍ക്കര ഇവിടെ സുലഭമായി ലഭിക്കും.ശര്‍ക്കരയും,കുറച്ച് സ്നാക്ക്സും വാങ്ങി തിരികെ വാഹനത്തില്‍ കയറി.
       മറയൂര്‍- ഉഡുമല്‍ പെട്ട്  റോഡില്‍, ചന്ദന ഹോട്ടല്‍ കഴിഞ്ഞ്, ജംഗ്ഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞാല്‍ കാന്തല്ലൂര്‍ റോഡായി.നിരപ്പായ റോഡിനിരുവശവും വിശാലമായ കരിമ്പിന്‍ പാടങ്ങളാണ്.ഒരു നല്ല ഇറക്കം പിന്നിട്ട് ,ചെറിയൊരു പുഴയും കടന്നാല്‍ കോവില്‍ക്കടവ് എന്ന തീരെ ചെറിയ പട്ടണ(?)മായി.കാന്തല്ലൂര്‍ മലനിരകളില്‍   ഉല്പാദിക്കപ്പെടുന്ന പുല്‍തൈലത്തിന്റെ ഒരു പ്രധാന വിപണന കേന്ദ്രമാണിവിടം.പരിചയമുള്ള കടയില്‍ നിന്നും അല്പം പുല്‍ തൈലം സംഘടിപ്പിച്ചു,സുഹൃത്തിനു കൊടുത്തു.അദ്ദേഹം  പുല്‍ തൈലം മണത്തും,  അതോടൊപ്പം റഷ്യന്‍ ഓറഞ്ച് വെള്ളം അകത്തേക്ക് തട്ടിയും,പാഷന്‍ ഫ്രൂട്ട് അപ്പാടെ കഴിച്ചും  ഉന്മേഷം വീണ്ടെടുത്തു.      കോവില്‍ക്കടവ് പിന്നിട്ടാല്‍ വലിയ കയറ്റം തുടങ്ങുകയായി.ഹെയര്‍ പിന്‍ വളവുകള്‍ താണ്ടി ചന്ദന മരങ്ങളുടേയും, കരിമ്പിന്‍ പാടങ്ങളുടെയും, നടുവിലൂടെയുള്ള യാത്ര അതീവ ഹൃദ്യമാണ്.മറയൂര്‍ പ്രദേശങ്ങളില്‍ ഉത്പാദിക്കപ്പെടുന്ന ശര്‍ക്കര ഉയര്‍ന്ന ഗുണ നിലവാരമുള്ളതാണല്ലോ.
                         ശര്‍ക്കര നിര്‍മ്മാണത്തിനുള്ള ചൂള    
റോഡിന്‍റെ ഒരു വശം വലിയ പാറക്കെട്ടാണ് .മുന്തിയ  ഇനം ഗ്രാനൈറ്റ് ആണ് ഇവയെന്ന് ഇവിടെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.ഇടക്കിടെ പ്രത്യക്ഷമാകുന്ന നെല്‍വയലുകളും,അതിനു അരികു പറ്റി, ഇട തൂര്‍ന്നു  നില്‍ക്കുന്ന യൂക്കാലി മരങ്ങളും.
ദൂരെ അതിരിടുന്ന പശ്ചിമഘട്ട മലനിരകള്‍
അടുത്തയിടെ ഇറങ്ങിയ മിക്കവാറും സത്യന്‍ അന്തിക്കാട്‌ ചിത്രങ്ങളില്‍  കീഴാന്തൂരിന്റെ പ്രകൃതി ഭംഗി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.ഭ്രമരവും  ഇവിടെ  ചിത്രീകരിക്കപ്പെട്ടതാണ്. കീഴാന്തൂര്‍ വില്ലേജ് ഓഫീസും ഒട്ടനവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


                              വില്ലേജ് ഓഫീസ്       
                                                                  
                                   കൃഷിയിടങ്ങള്‍        
തികച്ചും പ്രകൃതി രമണീയമായ ഒരു ചെരുകുന്നിന്‍ മുകളില്‍ ആണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. വിശാലമായ നിരപ്പില്‍,ഏകാന്തമായി നിലകൊള്ളുന്ന ഈ കെട്ടിടത്തിനു നാല് വശവും താഴ്ന്ന സമനിലങ്ങളും,അതിനു അതിരിടുന്ന മലനിരകളും.
                                                                  
വളരെ അദ്ധ്വാന ശീലരായ ഒരു ജനവിഭാഗമാണ് ,തമിള്‍ ഭൂരിപക്ഷ മേഖലയായ ഇവിടെ ജീവിക്കുന്നത്.കാരറ്റ്,കാബേജ്,വെളുത്തുള്ളി,ബീന്‍സ് എന്നിവയാണ് മുഖ്യമായും കൃഷി ചെയ്യുന്നത്.


                                                                    
                                        കൃഷിയിടങ്ങള്‍ 
                                        മുന്തിരി
                                        പീച്ചസ് പഴം     
  
                                        ട്രീ റ്റൊമാറ്റോ      


                                                                  
                                                                              
വില്ലേജ് ഓഫീസിനു മുന്‍വശം റോഡരുകില്‍,ഒരു വീടിനു മുന്‍പില്‍ അപ്പിള്‍ മരമുണ്ട്.ഇപ്പോള്‍ സീസണ്‍ അല്ലാത്തതിനാല്‍ അതില്‍ കായ്‌ ഇല്ല.അപ്പിള്‍  മരം കണ്ടപ്പോള്‍ സുഹൃത്തിനു അത്ഭുതം.ആപ്പിള്‍ മരം തന്നെയാണോ ഇതെന്നൊരു സംശയവും.  ( ഓ:ടോ:  തിരികെ വരുന്ന വഴി മൂന്നാര്‍ ടൌണില്‍ നിന്നും ആപ്പിളിന്റെ  3  പായ്ക്കറ്റ്  തൈ വാങ്ങി,സ്വന്തം വീടുപറമ്പില്‍ നട്ടു,2 ആഴ്ചക്കുള്ളില്‍ ഉണങ്ങിപ്പോയപ്പോഴേ അദ്ദേഹത്തിന് സമാധാനമായുള്ളൂ. )
മിക്കവാറും എല്ലാവിധ പഴവര്‍ഗങ്ങളും നന്നായി  ഉണ്ടാകുന്ന ഒരു ഭൂ വിഭാഗമാണ്‌ കീഴാന്തൂര്‍ പ്രദേശം.ആപ്പിള്‍,പ്ലംസ്,പീച്ച്ചസ് എന്നിവ ഇവിടെ സമൃദ്ധമായി ഉണ്ടാകുന്നു. പരിചയക്കാരനായ പഴനിസ്വാമിയുടെ വീട്ടില്‍ നിന്നും കുറച്ചു പീച്ചസ് പഴങ്ങളും,മാതള നാരങ്ങയും,ട്രീ ടോമാടോയുമൊക്കെ സംഘടിപ്പിച്ചു ,കാറിനകത്താക്കി.അതിനു വില വാങ്ങാന്‍ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല  ,അന്നവിടെ തങ്ങിയിട്ടു പോകാം എന്ന പ്രലോഭനകരമായ നിര്‍ദ്ദേശവും പഴനി സ്വാമി മുന്നോട്ടു വച്ചു.സമയക്കുറവുമൂലം ആ ക്ഷണം സ്വീകരിക്കാന്‍ കഴിയാതെ തിരികെ യാത്രയായി.കീഴാന്തൂരിന്റെ ഏറ്റവും ആകര്‍ഷകഘടകമായ  സുഖശീതളമായ കാലാവസ്ഥ ആസ്വദിച്ചു,ഒരു ദിവസം കഴിയാനുള്ള  അവസരം നഷ്ടമായ വിഷമത്തില്‍ , ഇളംതണുപ്പിലൂടെ, ഞങ്ങള്‍  മലയിറങ്ങി.

19 comments:

രഘുനാഥന്‍ said...

വിവരണം നന്നായിയിട്ടുണ്ട്...മുപ്പതു വര്‍ഷങ്ങള്‍ ഇടുക്കി ജില്ലയില്‍ ജീവിച്ചതിന്റെ ഗൃഹാതുരത്വം ഉണര്‍ത്തിയ ഫോട്ടോകളും വിവരണവും...തുടരുക

Rainbow said...

interesting ! itharam "graamangal" keralathil ninnu pathukke pathukke marayukayaanallo...postinnu nanni
aashamsakal...

ബിനോയ്//HariNav said...

കൊള്ളാം :)

ഉപാസന || Upasana said...

ശര്‍ക്കരച്ചൂള ആദ്യമായി കാണുകയാണ്
:-)

jyo.mds said...

ഗ്രാമത്തിന്റെ മനോഹാരിത ചിത്രങ്ങളിലും,വിവരണത്തിലും പ്രതിഫലിക്കുന്നുണ്ട്-ഇവിടെ tree tomato juice വളരെ പോപ്പുലര്‍ ആണ്-അവിടെ അതിന്റെ മരം കണ്ടപ്പോള്‍ എനിക്കതിശയം തോന്നി.

ഹംസ said...

വിവരണം കലക്കന്‍ .. ഞാനും ശര്‍ക്കര നിര്‍മ്മാണത്തിനുള്ള ചൂളയുടെ പടം ആദ്യമായാ കാണുന്നത്. :)

സജി said...

മറയൂരത്തെ ഒരൊറ്റ പേര്‍ മാത്രമേ ഓര്‍മ്മയില്‍ ഉള്ളൂ.

ചന്ദന ബാര്‍!
ഇപ്പോള്‍ ഒണ്ടോ ആവോ!

നല്ല വിവരണവും, പടങ്ങളും

Vayady said...

ഗ്രാമത്തിലൂടെയുള്ള യാത്ര ഒരു അനുഭൂതി തന്നെയാണ്..
ശര്‍ക്കരച്ചൂള ആദ്യമായിട്ടാണ്‌ കാണുന്നത്. വിവരണം നന്നായിരുന്നു.

krishnakumar513 said...

രഘുനാഥന്‍
Rainbow
ബിനോയ്//HariNav
ഉപാസന || Upasana
jyo
ഹംസ
സജി
Vayady
കീഴാന്തൂര്‍ ഗ്രാമത്തിലെത്തിയ എല്ലാവര്‍ക്കും നന്ദി..

krishnakumar513 said...

സജി,അത് അവിടെ തന്നെയുണ്ട്.നമ്മുടെ അധ്യാപകസുഹൃത്ത് ഉഷാറായതും അതുകൊണ്ട് തന്നെ!!

Thommy said...

Very nice

ശ്രീ said...

കൊള്ളാം :)

വീകെ said...

നമ്മുടെ നാടാണെങ്കിലും ഇതൊക്കെ ഏതോ കിട്ടാക്കണി പോലെ.....!!
നന്നായിരിക്കുന്നു.....

ആശംസകൾ....

Muralee Mukundan , ബിലാത്തിപട്ടണം said...

രണ്ടുമൂന്നു തവണ മൂന്നാറിലും,അടിമാലിയിലും,കുഞ്ചുത്തണ്ണിയിലുമുള്ള മിത്രങ്ങളെ കാണാൻ എത്തിയപ്പോൾ ഈ ഗ്രാ‍മക്കാഴ്ച്ചകലെല്ലാം മനസ്സിലേറ്റി പോന്നവനാണ് ഞാൻ....
ആയതിന്റെ ഭംഗികൾ ബൂലോഗർക്ക് കാണിച്ചുകൊടുത്തതിൽ അഭിനന്ദനങ്ങൾ !

ബഷീർ said...

നമ്മുടെ നാട്ടിലുള്ള എത്രയോമനോഹരമായ സ്ഥലങ്ങൾ.. ഇവിടെയൊക്കെ ഇങ്ങിനെ യാത്ര ചെയ്യാൻ കഴിയുന്നത് തന്നെ ദൈവാനുഗ്രഹം..

ആശംസകൾ

Echmukutty said...

ശർക്കരച്ചൂള കാണിച്ചു തന്നതിന് നന്ദി.
വിവരണവും പടങ്ങളും നല്ല ഇഷ്ടമായി.
ഇനിയും വരാം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നമ്മുടെ നാട്ടുകാഴ്ചകള്‍ നമുക്കന്യം! കണ്ടത് വളരെ ചുരുക്കം, കാണേണ്ടത് വളരെയേറെ.
സമയം....
എന്നെപോലെയുള്ള ഗള്‍ഫുകാര്‍ക്ക് ഇതൊക്കെ നേരില്‍ കാണാനായാല്‍ തന്നെ മഹാഭാഗ്യം!
പരിചയപ്പെടുത്തിയതിനു വളരെ നന്ദി.

lekshmi. lachu said...

നല്ല വിവരണവും, പടങ്ങളും

Mohanam said...

ഇവിടം സന്ദര്‍ശിക്കണമെന്നുണ്ട്, താമസ സൌകര്യം എങ്ങനെ(വിത്ത് ഫാമിലി)

അഭിനന്ദനങ്ങള്‍