Sunday, March 14, 2010

ശ്രീലങ്ക-കൊളൊംബൊ-ഭാഗം 2

11 comments
           ഒരു ശ്രീലങ്കന്‍ യാത്ര 2 ഭാഗങ്ങളായി പോസ്റ്റ് ചെയ്യാമെന്ന്             കരുതുന്നു


                                               (ഒന്നാം ഭാഗം ഇവിടെ)



                                                     ഭാഗം -2


പിറ്റേന്ന്,അതി രാവിലെ പ്രഭാത സവാരിക്കായി ബീച്ചിലെക്കിറങ്ങി.ബീച്ച് നിറയെ രാവിലെയുള്ള നടത്തക്കാരാണു.നല്ല ഒരു നടപ്പാത ബീച്ചിലുടനീളമുണ്ട്‌.അങ്ങ് ദൂരെ , ഗലദാരി ഹോട്ടല്‍ വരെ അതു നീണ്ടു കിടക്കുന്നു.കടലിലേക്ക്‌ തള്ളി നില്‍ക്കുന്ന ഒരു കടല്‍പ്പാലം,ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണമാണ്.അതില്‍, ആളുകള്‍ ,യോഗയും വ്യായാമവും,മറ്റു കസര്‍ത്തുകളും നടത്തുന്നു .പൊതുവെ,ഞാന്‍ കണ്ട ശ്രീലങ്കക്കാരെല്ലാം വളരെ സൌഹാര്‍ദ്ദപരമായാണു പെരുമാറിയതു.വളരെ ഉത്സാഹ ഭരിതരായ യുവതലമുറെയെയാണ് എനിക്കെങ്ങും കാണാന്‍ കഴിഞ്ഞത്.
ഗോള്‍ ഫേയ്സ് ഗ്രീന്‍ ബീച്ച്

കടല്‍പ്പാലം
ഇന്ത്യാക്കാരോട് ഒരു പ്രത്യേക സ്നേഹം കലര്‍ന്ന സമീപനം ഉള്ളതായാണു  എനിക്കു അനുഭവപ്പെട്ടത്.ദേശീയതക്കു വളരെ പ്രാധാന്യം കൊടുക്കുന്നവരാണവര്‍  എന്നു ബീച്ചില്‍ വച്ചു ഞാന്‍  പരിചയപ്പെട്ട മുഹമ്മദ് എന്ന മധ്യവയസ്കന്‍ പറയുകയുണ്ടായി.തങ്ങളുടെ പാരമ്പര്യത്തില്‍ ഓരോ സിംഹളനും അഭിമാനം കൊള്ളുന്നു.ഇതൊക്കെയാണെങ്കിലും,ഒരു അദൃശ്യ ഭീതി,കൊളൊംബൊ നഗരത്തെയാകെ ചൂഴ്ന്നു നില്‍ക്കുന്നതായി എനിക്കു അനുഭവപ്പെട്ടു എന്നു പറഞ്ഞാല്‍ അത് അസത്യമാവില്ല!
പ്രഭാത ഭക്ഷണത്തിന് ശേഷം വീണ്ടും നഗരത്തിലെക്കിറങ്ങി.നുവാന്‍, വാഹനവുമായി കാത്തു നില്‍ക്കുകയാണ്. നേരെ, BMICH (ബന്ധരനയാകെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാള്‍ ) സ്ഥിതി ചെയ്യുന്ന,37 ഏക്കര്‍ വരുന്ന, വിശാലമായ സ്ഥലത്തേക്കാണ്‌ പോയത്.1971 ഇല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ ഹാള്‍ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.ശ്രീ ലങ്കയോദുള്ള ആദരസൂചകമായി, ചൈന ഗവണ്മെന്റ് നിര്‍മ്മിച്ചു നല്‍കിയതാണീ മന്ദിരം.പല ഇന്റര്‍ നാഷനല്‍ ട്രേഡ് ഷോകളും ഇവിടെ അരങ്ങേറുന്നു.

BMICH
തുടര്‍ന്നു ടൌണ്‍‍ഹാള്‍ സന്ദര്‍ശിച്ചു.1927 ഇല്‍ നിര്‍മ്മിച്ച ഈ കെട്ടിടം വാഷിങ്ങ്ടണിലെ ക്യാപ്പിറ്റോള്‍ മന്ദിരത്തെ അനുസ്മരിപ്പിക്കുന്നതാണ്

അതിനു ശേഷം പഴയ പാര്‍ലമെന്റ് മന്ദിരം കാണാന്‍ പോയി.ഇവിടെയും,ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു.മുന്‍വശത്ത് കൂടി കുറച്ചു ദൂരം നടന്നു.കാറിനകത്തിരുന്നു,ഒന്ന് രണ്ടു ചിത്രങ്ങളെടുത്തു.

പഴയ പാര്‍ലമെന്റ് മന്ദിരം


പഴയ പാര്‍ലമെന്റ് മന്ദിരം -പിന്നില്‍ ഗലദാരി,ഹില്‍ടണ്‍ ഹോട്ടലുകള്‍

‍അതിനു സമീപത്താണ്,ഹില്‍ട്ടന്‍,ഗലദാരി തുടങ്ങിയ ഹോട്ടലുകള്‍ .തുടര്‍ന്ന് കുറച്ചകലെയുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം കാണുന്നതിനായി യാത്രയായി.കര്‍‍ശനമായ സുരക്ഷാ സംവിധാനങ്ങളാണു അതിന്റെ പരിസരത്തെല്ലാം.ഒരു തടാകത്തിനു നടുവിലായാണു ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്.
.

പുതിയ പാര്‍ലമെന്റ്

അതിന്റെ ഒരു വശത്തായിട്ടുള്ള മൈതാനത്ത് കുട്ടികള്‍ പല സംഘങ്ങളായി ക്രിക്കറ്റ് കളിക്കുന്നു.


മറ്റ് അന്താരാഷ്ട്ര നഗരങ്ങളുടെ മാത്രുകയില്‍ , കൊളൊംബൊ നഗരം ചുറ്റിക്കാണിക്കുന്ന,, ഹോപ് ഓണ്‍-ഹോപ് ഓഫ് ബസ്സുകള്‍,ഇപ്പോള്‍ ഇവിടെയും സര്‍വീസ്സുകള്‍ നടത്തുന്നുണ്ട്.30 യു എസ് ഡോളറിനു ടിക്കറ്റ് എടുത്താല്‍ ,നഗരം ചുറ്റിക്കാണാം.പ്രമുഖ ഹോട്ടലുകളുടെ സമീപത്തെല്ലാം ,ഈ ബസ്സുകളുടെ പിക്ക് അപ്-ഡ്രോപ് പോയന്റുകളുണ്ട്.
അപ്പോഴേക്കും ഉച്ച ഭക്ഷണത്തിനുള്ള സമയമായി..ശ്രീലങ്കക്കാരുടെ ഭക്ഷണം,എകദേശം കേരളീയ ഭക്ഷണത്തിനു സമാനമാണു.ചോറും,മീന്‍ വിഭവങ്ങളും ആണു പ്രധാന ആഹാരം. crescat boulevard എന്നമനോഹരമായ മാളിലെക്കാണു ,നുവാന്‍  ഞങ്ങളെ കൊണ്ടുപോയത്.അതിനുള്ളിലെ
ഫുഡ്‌കോര്‍ട്ടില്‍ ‍തായ്ലാന്‍ഡ്‌,ജപ്പാന്‍,ഇന്ത്യ,ശ്രീലങ്ക,മലേഷ്യ തുടങ്ങി  വിവിധ രാജ്യങ്ങളിലെ ഭക്ഷണം ലഭ്യമാണ്.മോശമല്ലാത്ത വിലനിലവാരവും.വിദേശ മദ്യമടക്കമുള്ള സാധനങ്ങള്‍ ലഭിക്കുന്ന,വലിയൊരു
 സൂപ്പര്‍ മാര്‍ക്കറ്റും,ഇതിനോടനുബന്ധിച്ചുണ്ട്.
crescat boulevard
വിലവിവര പട്ടിക
ഇത്രയും എഴുതിയപ്പോഴാണ്,ശ്രീലങ്കയിലെ വില നിലവാരത്തെ കുറിച്ച് എഴുതണമെന്നു തോന്നിയത്.ഇന്ത്യന്‍ രൂപയ്ക്കു കൂടുതല്‍ കണ്‍വേര്‍ഷന്‍ റേറ്റ് ലഭിക്കുന്ന,അപൂര്‍വ്വംചിലരാജ്യങ്ങളിലൊന്നാണ്ശ്രീലങ്ക.1 ഇന്ത്യന്‍രൂപ =2 .40ശ്രീലങ്കന്‍രൂപ.
എങ്കിലും,കേരളത്തിലെയും,ഇവിടത്തേയും സാധനങ്ങളുടെ വിലകള്‍ തമ്മില്‍ അജഗജാന്തരമുണ്ട്.പൊള്ളുന്ന വില എന്ന് പറയുന്നത് ഇവിടെയാണ്‌. ഒരു പൂവന്‍ പഴത്തിന്റെ വില 20 ലങ്കന്‍ രൂപ.അതായത്,ഇന്ത്യന്‍ രൂപ 8.33 മാത്രം! നമ്മള്‍ 100 അമേരിക്കന്‍ ഡോളര്‍ മാറിയാല്‍ കൈ നിറയേ കാശായി.11500 ശ്രീലങ്കന്‍ രൂപ!!പക്ഷെ കീശ കാലിയാകാന്‍ നിമിഷ നേരം മതി.ഇതൊക്കെയാണെങ്കിലും ഡീസല്‍ വില ഇവിടെ കുറവാണു.


ഇതിനിടയില്‍,ലങ്കയിലെ ഡീസലിന്റെ വില ഒന്നു കാണൂ.!!ഇന്ത്യന്‍ രൂപ 30.41

ഭക്ഷണ ശേഷം വീണ്ടും കാഴ്ച്ചകളിലെക്കിറങ്ങി.കൊളൊംബൊയുടെ സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിക്കപ്പെടുന്ന,ഫോര്‍ട്ട്‌ ജില്ലയിലൂടെയാണ് ഇപ്പോള്‍ സഞ്ചാരം.കൊളോണിയല്‍ ശൈലിയിലുള്ള കെട്ടിടങ്ങള്‍ ഇവിടെ ധാരാളമായുണ്ട്.മള്‍ട്ടി നാഷണല്‍ ബാങ്കുകളെല്ലാം,ഇവിടെ പ്രവര്‍ത്തിക്കുന്നു.ഒന്ന് രണ്ടു ചിത്രങ്ങള്‍ എടുത്തപ്പോഴേക്കും,നുവാന്റെ വക താക്കീത്,വീണ്ടും. പിന്നീട് പേട്ട വഴിയായി സഞ്ചാരം.നമ്മുടെ നാട്ടിലെത് പോലുള്ള ബസ്‌ സ്റ്റാന്റും,നിര നിരയായിട്ടിരിക്കുന്ന കൈ വണ്ടികളും പിന്നിട്ടു,വാഹനം തിരക്കേറിയ വ്യാപാര കേന്ദ്രത്തിലൂടെ മുന്നോട്ടു നീങ്ങി.ശരിയായ ഒരു തമിഴ് സംസ്കാരം എവിടെയും കാണാം.പരിചയപ്പെട്ട തമിഴ് വംശജര്‍ക്കെല്ലാം,ഇന്ത്യയോട് ഒരു പ്രത്യേക സ്നേഹം കലര്‍ന്ന വികാരമാണു.ഒരു ചെറിയ റ്റീ സ്റ്റാള്‍ ഉടമ,ദുരൈ,എനിക്കു തമിഴ് അറിയാം എന്ന ഒറ്റക്കാരണത്താല്‍, എന്നോട് ചായയുടെ വില വാങ്ങാന്‍ കൂട്ടാക്കാതെ ,സ്നേഹപൂര്‍വ്വം യാത്രയാക്കി.
കേരളത്തിന്റെ സമാനമാകാലാവസ്ഥയുംഭൂപ്രക്രുതിയുമാണു,ശ്രീലങ്കയിലുമുള്ളത്.
നെഗംബോ,ഗോള്‍ തുടങ്ങിയ മനോഹരങ്ങളായ ബീച്ചുകള്‍,കൊളൊംബോയുടെ
 സമീപത്തായിട്ടുണ്ടെങ്കിലും സമയക്കുറവു മൂലം ആ സന്ദര്‍ശനവും,മൂന്നാറിനു സമാനകാലാവസ്ഥയുള്ള,തേയിലത്തോട്ടങ്ങളുടെ നാടായ  കാന്‍‍ഡി യാത്രയും
 പിന്നീട് ഒരവസരത്തിലാകാമെന്ന് തീരുമാനിച്ചു.
കൊളോണിയല്‍ കെട്ടിടങ്ങള്‍




കൊളൊംബൊ പേട്ട തെരുവ്

independence square

പിറ്റേന്ന്,വെളുപ്പിന് മടങ്ങേണ്ടാതാണ്.അതിനാല്‍,ധൃതി പിടിച്ച്‌,  independence സ്ക്വയര്‍ ,സന്ദര്‍ശിച്ച ശേഷം ചെറിയ ഒരു ഷോപ്പിങ്ങിന്റെ തിരക്കിലേക്കൂളിയിട്ടു.
തിരികെ ബീച്ചിലെത്തി.ബീച്ചിലെങ്ങും നല്ല തിരക്ക്.തിങ്ങി നിറഞ്ഞ ആളുകള്‍ക്കിടയിലൂടെ,ചെറുകച്ചവടക്കാര്‍ .താല്‍ക്കാലിക ഭക്ഷണശാലകളില്‍,കച്ചവടം പൊടിപൊടിക്കുന്നു.വറുത്തതും,പൊരിച്ചതുമായ കടല്‍ വിഭവങ്ങള്‍ ആണു പ്രധാന ആകര്‍ഷണം.പ്രായഭെദമെന്യെ എല്ലാവരും ബീച്ചിലുണ്ട്.

ബീച്ചിലെ രാത്രി ഭക്ഷണശാലകള്‍
രാത്രിയില്‍ ഒരു നഗരപ്രദിക്ഷണം നടത്തി,ഭക്ഷണവും കഴിഞ്ഞു വാഹനത്തില്‍ കയറുമ്പോള്‍ സമയം രാത്രി 11 .30 .ഹോട്ടലില്‍ തിരികെയെത്തി,നല്ല ഒരു കുളിയും കഴിഞ്ഞു ,വെളുപ്പിന് 3 മണിക്ക് പറഞ്ഞുറപ്പിച്ചിട്ടുള്ള വെയ്ക് അപ് കോളിനായി ഞാന്‍  കാതോര്‍ത്ത് കിടന്നു.

                                                       ഒന്നാം ഭാഗം ഇവിടെ

Monday, March 1, 2010

ശ്രീലങ്ക-കൊളൊംബോ-ഭാഗം 1

16 comments
                        ഒരു ശ്രീലങ്കന്‍ യാത്ര- 2 ഭാഗങ്ങളായി പോസ്റ്റ് ചെയ്യാമെന്ന് കരുതുന്നു
                                                                ഭാഗം -1
                                                               
ശ്രീലങ്കന്‍ എയര്‍വെയ്സ്  കഴിഞ്ഞ കുറെ നാളുകളായി, തിരുവനന്തപുരത്ത് നിന്നും മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളൂ. അവര്‍, കൊച്ചി എയര്‍ പോര്‍ട്ടില്‍ നിന്നുമുള്ള സര്‍വീസുകള്‍ എല്ലാം നിറുത്തി വച്ചിരിക്കുകയാണ്.


കൊളൊംബൊ വിമാനത്താവളം
തിരുവനന്തപുരം വിമാനത്താവളം
അതിനാല്‍ കൊളൊമ്പോയ്ക്ക് പോകണമെങ്കില്‍,തിരുവനന്തപുരത്ത് പോകാതെ മാര്‍ഗമില്ല.കൊച്ചിയില്‍ നിന്നും, തിരുവനന്തപുരത്ത് എത്തിചേരണമെങ്കില്‍ 5  മണിക്കൂര്‍ റോഡ്‌ യാത്ര. എന്നാല്‍ തിരുവനന്തപുരം-കൊളൊമ്പോ വിമാന യാത്ര 50  മിനിറ്റ്!
തിരുവനന്തപുരം വിമാനത്താവളത്തില്‍ അതിരാവിലെ എത്തിച്ചേരുമ്പോള്‍,ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തുക്കള്‍ നേരത്തെയെത്തിഎന്നേയുംപ്രതീക്ഷിച്ച്നില്‍ക്കുകയായിരുന്ന..വിമാനത്താവളത്തിന് പറയത്തക്ക മാറ്റമൊന്നുമില്ല.പുതിയ ടെര്‍മിനലിന്റെ ജോലികള്‍ നടക്കുന്നു.ബസ്സില്‍ തൂങ്ങിതന്നെ വേണം ഇപ്പോഴും വിമാനത്തിലെത്താന്‍.
കൃത്യ സമയത്ത് തന്നെ വിമാനം പുറപ്പെട്ടു.യാത്രക്കാരില്‍ ഭൂരിഭാഗവും തമിള്‍ കച്ചവടക്കാരാണ് .സ്ഥിര യാത്രക്കാരാണ്,അവരിലധികവും.വിമാനം പുറപ്പെട്ട ഉടനെ,എന്റെ അടുത്തിരുന്നയാള്‍ തന്റെ പേഴ്സ് തുറന്നു .പല രാജ്യങ്ങളിലെ 5 -6 സിം കാര്‍ഡുകളില്‍ നിന്നും ഒന്നെടുത്ത്മൊബൈലില്‍ഫിറ്റ്ചെയ്ത്,അയാള്‍  തയ്യാറായി.തായ്ലണ്ടിലും,ചൈനയിലും,
മലേഷ്യയിലും ,ശ്രീലങ്കയിലും എല്ലാം  ബിസ്സിനസ് നടത്തുന്നഒരുചെറുപ്പക്കാരന്‍.
സ്നാക്ക്സ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും വിമാനംകൊളൊംബൊയിലെത്തി.  ശ്രീലങ്കയിലേക്ക്,
ഇന്ത്യാക്കാര്‍ക്ക് വിസ ആവശ്യമില്ലാതതിനാല്‍,  എമിഗ്രേഷന്‍ വഴി വേഗം പുറത്തിറങ്ങാനായി.അറൈവല്‍ ഹാളില്‍ വലിയ തിരക്കൊന്നുമില്ല.ഞങ്ങളെ കാത്തു നില്‍ക്കുന്ന നുവാന്‍ എന്ന യുവാവിനൊപ്പം പുറത്തിറങ്ങി,കാറില്‍കയറി.ക്യാമറ തുറന്നപ്പോഴേക്കും,
അയാള്‍ വിലക്കി.കൊളൊമ്പോ യില്‍ ,ഫോട്ടൊയെടുക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന നിര്‍ദ്ദേശവും ലഭിച്ചു.പോകുന്ന വഴിയെല്ലാം കാവല്‍ നില്‍ക്കുന്ന പോലീസുകാരും,പട്ടാളക്കാരും.മീശ മുളക്കാത്ത പയ്യന്മാരാണധികവും.


കൊളൊംബൊ വിമാനത്താവളത്തിനു പുറത്ത്

വിമാനത്താവളത്തില്‍ നിന്നുമുള്ള റോഡ്
കൊളോമ്പോയുടെ,ആദ്യ കാഴ്ചകള്‍ ഒരു തമിഴ്നാട് നഗരത്തിന്റെ പ്രതീതിയാണ്,നമുക്ക് സമ്മാനിക്കുന്നത്.സമയം ഉച്ചയാകുന്നതെയുള്ളൂ.നഗരത്തില്‍ നല്ല തിരക്കാണ്.ലെയ്ലാന്റ് ബസ്സുകളും,ബജാജ് ഓട്ടോ റിക്ഷകളും എല്ലായിടത്തും കാണാം.
കൊളൊംബൊ നഗര വീഥികള്‍

കൊളൊംബൊ നഗര വീഥികള്‍



ഒരു റെസ്റ്റോറന്റിനു സമീപം നുവാന്‍ കാര്‍ നിര്‍ത്തി.ഭക്ഷണം കഴിഞ്ഞു,സമീപത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സിം കാര്‍ഡ്,മറ്റു അവശ്യ സാധനങ്ങള്‍ എന്നിവ വാങ്ങി,വീണ്ടും യാത്ര തുടങ്ങി.ഗോള്‍ റോഡിലുള്ള താജ് സമുദ്രയിലാണ് മുറി റിസര്‍വ്വ് ചെയ്തിരിക്കുന്നത്.ഹോട്ടലില്‍ എത്തുന്നതിനു മുന്‍പ്,3 സ്ഥലങ്ങളില്‍ പട്ടാളക്കാരുടെ പരിശോധന നടന്നു.ഇന്ത്യാക്കാരോട്,തികച്ചും മാന്യമായ സമീപനമാണു അവരുടേത്.


ഹോട്ടല്‍ താജ് സമുദ്ര
ഹോട്ടലില്‍ എത്തി.ഹോട്ടലിലും,കര്‍ശന സുരക്ഷാ പരിശോധനകളാണു നിലവിലുള്ളത്. ചെക്ക് ഇന്‍ ചെയ്തു മുറിയിലേക്ക് നടന്നു.മനോഹരമായ ഒരു ഹോട്ടല്‍ ആണിത്.നേരെ മുന്‍പില്‍ കടലും.ചെറിയ ഒരു വിശ്രമത്തിന് ശേഷം പട്ടണം കാണാന്‍ ഇറങ്ങി.
.


ഹോട്ടല്‍ മുറിയില്‍ നിന്നുമുള്ള കൊളൊംബൊ നഗരക്കാഴ്ചകള്‍

നാഷനല്‍ മ്യൂസിയം
                           കൊളൊമ്പോ മ്യൂസിയം കാണുന്നതിനാണ് ആദ്യം പുറപ്പെട്ടത്‌.1877 -ല്‍ നിര്‍മ്മിക്കപ്പെട്ട ഈ മനോഹര കെട്ടിടത്തില്‍ വിവിധ ബുദ്ധ പ്രതിമകള്‍,സംഗീത ഉപകരണങ്ങള്‍,വിവിധ ഫര്‍ണ്ണിച്ചറുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.ഒരു വലിയ തിമിംഗലത്തിന്റെ അസ്ഥികൂടവും ഇതിനകത്തുണ്ട്.

ഫോര്‍ട്ട് റയില്‍വേ സ്റ്റേഷന്‍



നഗരത്തിലെ തെരുവുകള്‍
തുടര്‍ന്നു,ഫോര്‍ട്ട്‌ റയില്‍വേ സ്റേഷന്‍ ഭാഗത്തെക്കാണു പോയത്.കൊളോണിയല്‍ ശൈലിയില്‍ പണിതിരിക്കുന്ന ഈ സ്റ്റേഷനാണു, ഫോര്‍ട്ട്‌-പേട്ടാ ജില്ലകളെ വേര്‍തിരിക്കുന്നത് .നല്ല തിരക്ക് കാരണം അകത്തു കയറിയില്ല. മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നത് മൂലം, ഇച്ഛാനുസരണം ചിത്രങ്ങളെടുക്കാന്‍ സാധിച്ചില്ല. ക്യാമറ പുറത്തെടുക്കുമ്പോഴെക്കും,തോക്കുമായി പട്ടാളക്കാരന്‍ എത്തും.


നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.ഒരു അസ്തമയവും കണ്ടു,ബീച്ചില്‍ കുറെ സമയം ചിലവഴിച്ചു ,രാത്രി ഭക്ഷണത്തിന് ശേഷം തിരികെ മുറിയിലെത്തി.

                                                          തുടരും....